തിരുവനന്തപുരം : സംസ്ഥാനത്ത് നവംബർ 3 മുതല് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്ജ് വര്ധിപ്പക്കണമെന്നതടക്കമുള്ള ആവശ്യങ്ങള് ഉയർത്തിയാണ് സമം.
ആറ് സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ നേതൃത്വത്തില് കൊച്ചിയില് നടന്ന സംയുക്ത യോഗത്തിലാണ് പ്രഖ്യാപനം.
ബസ് ചാർജ് 20 രൂപയാക്കി വർധിപ്പിക്കണമെന്നതാണ് സംഘടനകളുടെ ആവശ്യങ്ങളിലൊന്ന്. 2022-ല് നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സ്വകാര്യ ബസുകള് സർവീസ് നടത്തുന്നത്. നിലവിലെ സാഹചര്യത്തില് നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ വിദ്യാർത്ഥികളുടെ കണ്സഷൻ നിരക്ക് ഉയർത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. 15 വർഷത്തോളമായി ഒരേ നിരക്കാണ് വിദ്യാർത്ഥികള് നല്കുന്നത്. 2011 ലാണ് ഏറ്റവും ഒടുവിലായി കണ്സഷൻ നിരക്ക് കൂട്ടിയത്, നേതാക്കള് പറഞ്ഞു.
കെഎസ്ആര്ടിസിയുടെ പ്രിയദര്ശിനി സൗജന്യ ബസ് സര്വീസുകള് സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത ആഘാതമാണ് വരുത്തിയതെന്നും സംഘടനകള് ആരോപിച്ചു. ‘പ്രിയദർശിനി വന്നതോടെ കൂടി സ്വകാര്യ ബസ് മേഖല നശിച്ച് പോകുകയാണ്. പല കമ്പനികളും സ്വകാര്യ വ്യക്തികളുമൊക്കെ കെഎസ്ആർടിസിക്ക് ബസ് എടുത്തുകൊടക്കുകയാണ്, ഇതൊക്കെ സ്വകാര്യ ബസ് മേഖലയെ ബാധിക്കില്ലേ?.
സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല. പ്രശ്നങ്ങള് പഠിക്കാൻ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചു. എന്നാല് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രിയദർശിനി പദ്ധതി ആരംഭിച്ചതോടെ സ്വകാര്യ ബസ് സർവ്വീസുകളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. പിടിച്ചുനില്ക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ട്.
പ്രിയദർശിനി പദ്ധതിക്ക് ഞങ്ങള് എതിരല്ല. എന്നാല് ചില മാനദണ്ഡങ്ങള് പാലിക്കണമായിരുന്നു. അത് പാലിക്കപ്പെട്ടില്ല’, നേതാക്കള് ചൂണ്ടിക്കാട്ടി.
‘കോടിക്കണക്കിന് രൂപയാണ് സർക്കാർ കെ എസ് ആർ ടി സിക്ക് നല്കുന്നത്. അഞ്ചും ആറും പേർക്ക് ജോലി നല്കുന്ന സ്വകാര്യ ബസ് ഉടമകളേയും പിന്തുണക്കാൻ സർക്കാർ തയ്യാറാകണം. ബസ് ചാർജ് മിനിമം 20 രൂപയാക്കാതെ മുന്നോട്ട് പോകാനാകില്ല. അതുപോലെ തന്നെ വിദ്യാർത്ഥികള്ക്കുള്ള കണ്സഷൻ മിനിമം 10 രൂപയാക്കണം. ഇന്ധനച്ചെലവും മറ്റ് പ്രവർത്തനച്ചെലവുകളും വർധിച്ചു. ഇനി ഈ നിലയില് മുന്നോട്ട് പോകുക പ്രായോഗികമല്ല. ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചേ മതിയാകൂ. ‘, നേതാക്കള് പറഞ്ഞു.


