Headlines

തിരുവനന്തപുരത്തെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആന്ധ്രയിൽ നിന്ന് എത്തിച്ച എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

          

തിരുവനന്തപുരം : തലസ്ഥാനത്ത് ട്രെയിനിലെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവല്ലം സ്വദേശിയായ അഭിജിത്ത് (24) ആണ് എട്ട് കിലോയിൽ പരം കഞ്ചാവുമായി തിരുവനന്തപുരം സിറ്റി പൊലീസ് ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായത്. മുമ്പും ഇയാൾ കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്നാണ് ഡാൻസാഫ് സംഘം അറിയിച്ചത്.

ആന്ധ്രാ പ്രദേശിൽ നിന്നും കഞ്ചാവെത്തിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്നും കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അഭിജിത്തിനെ ഡാൻസാഫ് സംഘം പിടികൂടിയത്. അഭിജിത്ത് കഞ്ചാവ് കടത്തുന്നതായി പൊലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാൾ ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് വരികയാണെന്ന് മനസിലാക്കിയാണ് പൊലീസ് തയ്യാറായി നിന്നത്. കോവളം, തിരുവല്ലം, ബീമാപള്ളി തുടങ്ങി തിരുവനന്തപുരത്തെ തീരദേശ മേഖലകളിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. തീരദേശ മേഖലകളിലെ യുവാക്കൾക്കും ഇയാൾ കഞ്ചാവ് വിൽക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാൾക്കൊപ്പം ലഹരിക്കടത്തിൽ പങ്കാളികളായവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതടക്കം തുടർ നടപടികൾക്കായി തമ്പാനൂർ പൊലീസിന് കൈമാറുമെന്ന് ഡാൻസാഫ് സംഘം അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: