കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പോലിസ് വിവരമറിയിക്കാന്‍ വൈകിയെന്നും അതിനിടയില്‍ ജഡ്ജി തെളിവ് നശിപ്പിച്ചെന്നും മുഖ്യമന്ത്രിയോട് പരാതി പറഞ്ഞ് ജയബാലകൃഷ്ണന്റെ കുടുംബം. ജയബാലകൃഷ്ണന്റെ കുടുംബത്തെ ചിറ്റൂരിലെ വീട്ടിലെത്തി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. 17കാരന്റെ ജാമ്യം റദ്ദാക്കാന്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഗുരുതര പിഴവാണ് പ്രൊസിക്യൂഷന്‍ വരുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളുടെ പേര് വിവരങ്ങളോടെ അപ്പീല്‍ നല്‍കിയത് ശിക്ഷാര്‍ഹമാണെന്ന് കോടതി ഓര്‍മ്മപ്പെടുത്തി. 17കാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ആറ് ദിവസമായി. ബാലകൃഷ്ണന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബത്തിന്റെ പരാതി കേട്ടു.
17കാരന്റെ ജാമ്യം റദ്ദാക്കാന്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പോലിസ് നല്‍കിയ അപ്പീലില്‍ ഗുരുതര പിഴവുണ്ടായതായും കുടുംബം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തയാളുടെ പേര് വിരങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രോസിക്യൂഷന്‍ അപ്പീല്‍. ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയ അപ്പീലിലും കുട്ടിയുടെ പേര് വിവരങ്ങളടങ്ങിയിരുന്നു. ഇങ്ങനെയാണോ അപ്പീല്‍ നല്‍കുന്നത് എന്ന് കോടതി ചോദിച്ചു. ജെജെ ആക്ട് പ്രകാരം രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പേര് വിവരങ്ങള്‍ ഒഴിവാക്കി പുതിയ അപ്പീല്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ കേസ് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുമ്പോള്‍ കുടുംബത്തിന്റെ അഭിഭാഷകന്‍ ശ്രീജിത്തിനെ, ജയബാലകൃഷ്ണന്റെ അനന്തരവള്‍ ജയലക്ഷ്മി എതിര്‍ത്തത് നാടകീയരംഗങ്ങള്‍ക്ക് ഇടയാക്കി.
ജയബാലകൃഷ്ണന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി വക്കാലത്ത് ഒപ്പിടീപ്പിച്ചെന്നായിരുന്നു ജയലക്ഷ്മി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മകളാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുടുംബമാണ് അഭിഭാഷകന്‍ ശ്രീജിത്തിനെ കേസ് ഏല്‍പ്പിച്ചതെന്നും ജയബാലകൃഷ്ണന്റെ മകള്‍ പിന്നീട് വ്യക്തമാക്കി. ചേരാനല്ലൂര്‍ കേസിലെ വീഴ്ചകള്‍ക്ക് പിന്നാലെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ കാളിരാജ് മഹേഷ്‌കുമാര്‍ ഇന്ന് ഓഫിസൊഴിഞ്ഞു. 17കാരനായി അഡീഷണല്‍ ജഡ്ജിയുള്‍പ്പടെ ആരും തന്നെ വിളിച്ചിട്ടില്ലെന്ന് പടിയിറങ്ങവേ കാളിരാജ് മഹേഷ്‌കുമാര്‍. കാളിരാജിന് പകരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ആര്‍.നിശാന്തിനി ചുമതലയേറ്റു. ചേരാനല്ലൂര്‍ കേസിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് പുതിയ കമ്മീഷണര്‍ പ്രതികരിച്ചു.


