തിരുവനന്തപുരം : സെൻട്രല്‍ ജയിലില്‍ തടവുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ശ്രീനിവാസനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടക്കുന്നത്. അസുഖബാധിതനായിരുന്ന ശ്രീനിവാസന് ക്ഷയരോഗം (TB) ഉണ്ടോയെന്ന സംശയത്തെത്തുടർന്ന് ഒബ്സർവേഷൻ സെല്ലിലായിരുന്നു താമസിപ്പിച്ചിരുന്നത്. രാത്രി 9.15-ഓടെ സെല്ലില്‍ നിന്നും ശബ്ദം കേട്ടതിനെത്തുടർന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥർ ഓടിയെത്തി ഇയാളെ താഴെയിറക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗർഭിണിയായ സ്വന്തം ഭാര്യയെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മരിച്ച ശ്രീനിവാസൻ.
നേരത്തെ തിരുവനന്തപുരം പൂജപ്പുര ഓപ്പണ്‍ ജയിലിലായിരുന്ന ഇയാള്‍ അവിടെനിന്ന് ജയില്‍ ചാടാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ സെൻട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


