വർക്കലയിൽ വിവാഹം കഴിഞ്ഞ് 11-ാം നാൾ നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂടിനുസമീപം ‘തണൽ’ വീട്ടിൽ ജിഷ (30)യാണ് മരിച്ചത്. വെള്ളി പകൽ 11.30ഓടെയാണ് ജിഷയെ വീട്ടിൽ തൂങ്ങിയനിലയിൽ കണ്ടത്. നാട്ടുകാർ കയർ അറുത്തുമാറ്റി ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ജിഷയുടെ ആദ്യ ഭർത്താവ് ശരത്ത് ഒന്നരവർഷംമുമ്പ് വിദേശത്ത് വാഹനാപകടത്തിൽ മരിച്ചു. ഇവർക്ക് എട്ടും അഞ്ചും വയസ്സുള്ള പെൺമക്കളുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു വർക്കല സ്വദേശി അജി നടേശനുമായുള്ള രണ്ടാം വിവാഹം. മക്കൾക്കും അജിക്കുമൊപ്പം ജിഷ ഈ വീട്ടിൽതന്നെയാണ് താമസിക്കുന്നത്. ജിഷയുടെ വീട്ടുകാർ വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ യുവതി മരിച്ചതിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് അയിരൂർ പൊലീസ് പറഞ്ഞു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


