ന്യൂഡല്‍ഹി: പ്രണയബന്ധം അവസാനിച്ചാല്‍ അതിനുമുന്‍പ് പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. പ്രണയ കാലത്തുണ്ടായ ശാരീരിക അടുപ്പത്തെ ബന്ധം വേര്‍പിരിയുമ്പോള്‍ കുറ്റകൃത്യമായി മുദ്രകുത്താനാകില്ല. ബന്ധങ്ങള്‍ തകരുമ്പോള്‍ പങ്കാളിക്കെതിരെ പരാതി നല്‍കി ക്രിമിനല്‍ കേസുകള്‍ ചുമത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. മലയാളിയായ എന്‍ പി സന്തോഷ് കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബി വി. നാഗരത്‌ന, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. പ്രണയം നടിച്ച് വഞ്ചനയിലൂടെ ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുന്ന കേസുകളും, ബന്ധം അവസാനിച്ചതുകൊണ്ടുമാത്രം മുന്‍കാലങ്ങളില്‍ നടന്ന ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ കുറ്റകൃത്യമായി ചിത്രീകരിക്കുന്ന കേസുകളും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ നിയമസംവിധാനത്തെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ബന്ധങ്ങള്‍ തകരുമ്പോഴെല്ലാം ബലാത്സംഗ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യഥാര്‍ഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.


