Headlines

നാളെ നടുക്കെടുപ്പ് നടക്കാനിരിക്കെ സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ്; ഒരേ സീരിയലിലും ഒരേ നമ്പറിലും 2 ടിക്കറ്റുകൾ, പരാതി

കൊല്ലം: ചൊവ്വാഴ്ച (നവംബർ3) നറുക്കെടുക്കാനിരിക്കുന്ന സ്ത്രീശക്തി ലോട്ടറിയിൽ അച്ചടിപ്പിഴവ് കണ്ടെത്തി. ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ അച്ചടിച്ചിറക്കിയതായാണ് കണ്ടെത്തൽ. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപനയ്ക്കായി എത്തിച്ച ടിക്കറ്റിലാണ് ഇത്തരമൊരു പിഴവ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലോട്ടറി വിൽപനക്കാരൻ സന്തോഷ് ലോട്ടറി വകുപ്പിന് പരാതി നൽകി.

ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് 300 ടിക്കറ്റുകൾ വാങ്ങിയപ്പോഴാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ ലഭിച്ചതെന്ന് സന്തോഷ് പറഞ്ഞു. ടിക്കറ്റുകൾ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതിനായി ബിൽ തയ്യാറാക്കുന്നതിനിടെയാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ലോട്ടറി ഡയറക്ടർക്കും ജില്ലാ ലോട്ടറി ഓഫീസർക്കും ഇ-മെയിൽ വഴി പരാതി നൽകി. പരാതിയുടെ പകർപ്പും കൈമാറിയിട്ടുണ്ട്.

ഈ രണ്ടടിക്കറ്റുകളും സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി പോർട്ടൽ ആപ്പിൽ സ്കാൻ ചെയ്യാൻ കഴിയുന്നുണ്ടെന്നും, തന്റെ ഏജൻസിയുടെ നമ്പറും പേരും രണ്ടിലും കാണിക്കുന്നുണ്ടെന്നും സന്തോഷ് പറഞ്ഞു. അതുകൊണ്ടുതന്നെ അച്ചടിപ്പിഴവാണെന്നാണ് സംശയിക്കുന്നതെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുമാണ് അദ്ദേഹത്തിന്റെ പരാതി.

ഈ രണ്ട് ടിക്കറ്റുകളിൽ ഏതെങ്കിലും ഒന്നിന് ഒന്നാം സമ്മാനം ലഭിച്ചാൽ യഥാർഥ ടിക്കറ്റ് ഏതെന്ന് എങ്ങനെ തിരിച്ചറിയുമെന്ന ആശങ്കയും സന്തോഷ് പങ്കുവെച്ചു. രണ്ട് ടിക്കറ്റുകളും വിൽപന നടത്തിയാൽ സമ്മാനത്തുക മാറാനെത്തുന്ന ഏജന്റുമാർ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടിക്കറ്റ് യഥാർഥമെന്നും മറ്റേത് വ്യാജമെന്നും അധികൃതർ വിലയിരുത്തിയാൽ ഏജന്റുമാർ നിയമനടപടി നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും സന്തോഷ് ആശങ്ക പങ്കുവെച്ചു.

അച്ചടിപ്പിഴവിനെക്കുറിച്ച് വാർത്തകളിലൂടെ മാത്രമേ കേട്ടിട്ടുള്ളുവെന്നും, നേരിട്ട് ഇത്തരമൊരു സംഭവം കാണുന്നത് ആദ്യമായാണെന്നും സന്തോഷ് പ്രതികരിച്ചു. ലോട്ടറി മേഖലയിലെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമാണിത്. കഴിഞ്ഞ ആറുമാസമായി മേഖലയിൽ ജാഗ്രതക്കുറവുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ ഇടപെടൽ വേണമെന്നും അദ്ദേഹത്തിന്റെ പരാതിയിലുണ്ട്. ട്രേഡ് യൂണിയൻ നേതൃത്വത്തിൽ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പലതവണ കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും സന്തോഷ് പറയുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: