വെമ്പായം: ഇടുക്കുംതല പ്ലാമൂട്ടത്ത് തമ്പുരാൻ ദേവി ക്ഷേത്രത്തിൽ മോഷണം നടത്തിയ മൂന്ന് പ്രതികളെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പായം നെടുവേലി കടുവാക്കുഴി സ്വദേശി ശരത്, 35 വട്ടിയൂർക്കാവ് സ്വദേശി രാജൻ, 64 മണക്കാട് സ്വദേശി പ്രമോദ് 42 എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഓട്ടോകളിലായി മാറിമാറി പ്രതികൾ ക്ഷേത്രപരിസരത്ത് കറങ്ങി നടന്നിരുന്നു. തുടർന്ന് ഇന്ന്പുലർച്ചെ മൂന്ന് മണിയോടെ ക്ഷേത്രത്തിന്റെ ഓഫീസ് കുത്തിപ്പൊളിച്ച് പണവും ശംഖ് ഉൾപ്പെടെയുള്ള പൂജാപാത്രങ്ങളും ഇവർ കവർച്ച ചെയ്യുകയായിരുന്നു.
നെടുവേലി സ്വദേശിയുടെ ഓട്ടോറിക്ഷ വിളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. അമ്പലപരിസരത്ത് ഓട്ടോ നിർത്തിയശേഷം തിരികെ ചാക്കുകെട്ടുമായാണ് പ്രതികൾ വന്നതെന്ന് ഓട്ടോഡ്രൈവർ പോലീസിന് മൊഴി നൽകി.തിരിച്ചുവരുമ്പോൾ ഓട്ടോ കേടായതിനെതുടർന്ന് പ്രതികൾ ചാക്കുകെട്ടുമായി നടന്നുപോയെന്നും മൊഴിയിൽ പറയുന്നു. കൊഞ്ചിറയുള്ള വീട്ടിൽ ഒളിവിൽപോയ പ്രതികളെ സംശയം തോന്നിയ ഓട്ടോഡ്രൈവർ അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.
വട്ടപ്പാറ സബ് ഇൻസ്പെക്ടർ അൻവർ ഷാ, സിവിൽ പോലീസ് ഓഫീസർമാരായ മുരുകൻ, ഷബീബ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് എത്തി പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.പ്രതികളുടെ കൈവശമുണ്ടായിരുന്ന ചാക്കിൽ നിന്ന് സ്വർണ്ണ നിറത്തിലുള്ള ഒരു മുഖചാർത്തും, ഒരു ഉരുളിയും, ഒരു ശംഖും, ഒരു വെട്ടുകത്തിയും, രണ്ട് ടോർച്ചുകളും പോലീസ് കണ്ടെടുത്തു.


