Headlines

പ്രത്യേക ഉത്തരവില്ല, അറസ്റ്റിലായി 48 മണിക്കൂര്‍ ജയിലില്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ നല്‍കാം:സുപ്രീം കോടതി

          

ന്യൂഡൽഹി : അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്‌പെൻഷനിലായതായി കണക്കാക്കണമെന്ന് സുപ്രീംകോടതി.

ഇതിനായി പ്രത്യേക സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കൈക്കൂലി കേസില്‍ പ്രതിയായ ബീഹാറിലെ ആശുപത്രി മാനേജരെ ജാമ്യത്തില്‍ വിട്ടയച്ച സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയ പട്ന ഹൈക്കോടതിയുടെ നടപടിക്കെതിരായ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. അറസ്റ്റിലായശേഷം 15 ദിവസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ഉദ്യോഗസ്ഥനെ പിന്നീട് അതേ ആശുപത്രിയില്‍ അതേ തസ്തികയില്‍ നിയമിച്ചതിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.

ബീഹാറിലെ സദർ ആശുപത്രിയില്‍ മാനേജർ/അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തിരുന്നയാളാണ് കേസിലെ പ്രതി. പരാതിക്കാരന്റെ 36,421 രൂപയുടെ വേതനം അനുവദിച്ചുനല്‍കുന്നതിന് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കേസെടുത്തത്. തുടർന്ന് അറസ്റ്റിലായ ഇയാള്‍ക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ ജാമ്യത്തിനെതിരെ പരാതിക്കാരൻ പട്ന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് പ്രതി സുപ്രീംകോടതിയില്‍ പ്രത്യേക അനുമതിക്കായി ഹർജി നല്‍കിയത്. ഈ കേസ് പരിഗണിക്കവെയായിരുന്നു സസ്‌പെൻഷനുമായി ബന്ധപ്പെട്ട നിരീക്ഷണം സുപ്രീംകോടതി നടത്തിയത്‌.

‘ഒരു സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണെങ്കില്‍ അയാള്‍ സസ്‌പെൻഷനിലായെന്ന് കണക്കാക്കും. ഇതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ല. കേസിലെ പ്രതി ഏകദേശം 15 ദിവസത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ ഈ വ്യവസ്ഥ അദ്ദേഹത്തിനും ബാധകമാണ്’ -കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതോടെ പ്രതിക്ക് സെഷൻസ് കോടതി അനുവദിച്ച ജാമ്യം തുടരും. അതേസമയം, ഉദ്യോഗസ്ഥനെ അതേ തസ്തികയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സർക്കാർ പരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: