Headlines

വിദ്യാർത്ഥിയുടെ ദാരുണാന്ത്യം: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം


സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരൻ മരിച്ച സംഭവം; പ്രതിഷേധം ശക്തമായതോടെ വൈദ്യുതി വകുപ്പിന്റെ നടപടി.
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരനായ ജുനൈദ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വൈദ്യുതി വകുപ്പ്. വെന്നിയൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ കെ. ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
മരിച്ച ജുനൈദിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ നൽകാനും തീരുമാനമായി.
സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടും വൈകിയതോടെ ചൊവ്വാഴ്ച വീണ്ടും പ്രതിഷേധം അരങ്ങേറി. ഇതിനു പിന്നാലെയാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.
അതേസമയം, സ്റ്റേ വയർ ട്രാക്ടർ തട്ടിയാണ് മുറിഞ്ഞതെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് എൻജിനീയർ താനൂർ പൊലീസിൽ പരാതി നൽകിയതും വിവാദമായിട്ടുണ്ട്. എന്നാൽ സ്റ്റേ വയർ മാസങ്ങളായി പൊട്ടിക്കിടക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ഒരു കുരുന്നിന്റെ ജീവൻ നഷ്ടപ്പെട്ടതിന് പിന്നാലെ നടപടികൾ വന്നെങ്കിലും, ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: