മണിപ്പൂരിൽ വിഷമദ്യം കഴിച്ച് 17 മരണം; 200 പേർ ആശുപത്രിയിൽ

ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ട്. 200ഓളം പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതരുടെ ആശങ്ക.

ഇംഫാലിൽ നിന്ന് 75 കിലോമീറ്ററോളം അകലെയുള്ള ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകിട്ട് ആശുപത്രികൾ സന്ദർശിച്ചതിനു പിന്നാലെയാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവന്നത്.

വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവരെ ലാംഫെൽപാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചക്പികരോങ് മേഖലയിൽ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത അനുഭവിക്കുന്നവർ ഉടൻ ചികിത്സ തേടണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.

ദുരന്തത്തിൽപ്പെട്ടവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആശുപത്രി അധികൃതർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജനറൽ മെഡിസിൻ വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയും ആവശ്യമായ മരുന്നുകളെയും ചന്ദേൽ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച സർക്കാർ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചികിത്സയിലുള്ളവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

അതേസമയം, ദുരന്തത്തിന് കാരണമായ മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ വിശദീകരണം. സമീപത്തെ കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് മദ്യം എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ചന്ദേൽ ജില്ലയിൽ അനധികൃത മദ്യനിർമ്മാണം നടക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: