കൊച്ചി: മണ്ഡല പുനര്‍നിര്‍ണയത്തിനായുള്ള നിര്‍ണായക ഭരണഘടന ഭേദഗതി ബില്ലുമായി കേന്ദ്രം മുന്നോട്ടു പോകുകയാണ്. ലോക്സഭയിലെ സീറ്റ് വര്‍ധിക്കുന്നതിനൊപ്പം തന്നെ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും 50 ശതമാനം സീറ്റ് വര്‍ധന ബില്ലില്‍ നിർദേശിക്കുന്നുണ്ട്. ഇതുപ്രകാരം കേരളത്തിന്റെ നിയമസഭാ സീറ്റുകളുടെ എണ്ണവും 50 ശതമാനം വര്‍ധിക്കും. ബില്‍ നിയമമായാല്‍ നിലവിലുള്ള 140 നിയമസഭാ മണ്ഡലങ്ങള്‍ 210 ആയി ഉയരും. അതായത് 70 സീറ്റുകളുടെ വര്‍ധന.
ഇത് കേരളത്തിന് മാത്രമുള്ള വര്‍ധനയല്ല. ഓരോ സംസ്ഥാനത്തെയും നിലവിലുള്ള നിയമസഭാ സീറ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള നിലവിലെ ആപേക്ഷിക സീറ്റ് അനുപാതം നിലനിര്‍ത്തുക എന്നതും ഈ നിര്‍ദേശത്തിന്റെ ലക്ഷ്യമാണ്. കേരളത്തിന്റെ ലോക്സഭാ സീറ്റുകളുടെ എണ്ണം 20ല്‍ നിന്ന് 30 ആയി ഉയർത്താനാണ് നിര്‍ദേശം. രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ പരമാവധി അംഗസംഖ്യ 850 ആക്കുന്നതിനും ഭരണഘടനാ ഭേദഗതി ബില്‍ ലക്ഷ്യമിടുന്നു. എന്നാല്‍ 850 എന്നത് പരമാവധി അംഗസംഖ്യയാണ്. അത്രയും സീറ്റുകള്‍ നിര്‍ബന്ധമായും ഉണ്ടാകണമെന്നില്ല.
*സീറ്റുകള്‍ കൂടുന്നതിന്റെ പ്രാധാന്യം*
നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് ജനപ്രാതിനിധ്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനെ ( നിയോഗിക്കും. കമ്മിഷനാണ് മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ നിശ്ചയിക്കുക. സീറ്റുകള്‍ 210 ആയാല്‍ കൂടുതല്‍ ജനപ്രതിനിധികള്‍ക്ക് അവസരം ലഭിക്കും. പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കുന്നതോടെ ഓരോ എംഎല്‍എയുടെയും മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ക്ക് തങ്ങളുടെ ജനപ്രതിനിധിയെ കൂടുതല്‍ എളുപ്പത്തില്‍ സമീപിക്കാനും പ്രാദേശിക പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും സാധിച്ചേക്കും
റോഡ്, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രാദേശിക ആവശ്യങ്ങള്‍ നിയമസഭയില്‍ കൂടുതല്‍ വ്യക്തമായി അവതരിപ്പിക്കാനുള്ള അവസരമുണ്ടാകും. പുതിയ മണ്ഡലങ്ങള്‍ രൂപീകരിക്കുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും കൂടുതല്‍ പേര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനവിധി തേടാനും അവസരം ലഭിക്കും. അതേസമയം, കൂടുതല്‍ മണ്ഡലങ്ങള്‍ വരുന്നതുകൊണ്ട് മാത്രം ഭരണനിര്‍വഹണം മെച്ചപ്പെടുമെന്ന് ഉറപ്പില്ല. മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയവും ജനസംഖ്യാ വിതരണവും പ്രാതിനിധ്യത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കും.


