Headlines

ചക്കക്കൊമ്പൻ മിഷൻ: മയക്കുവെടിയേറ്റ ആന വെള്ളത്തിൽനിന്ന് കരകയറ്റി




ചിന്നക്കനാലിൽ ഭീതി പടർത്തുന്ന കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ആശങ്കയിൽ. മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങിയ ചക്കക്കൊമ്പൻ കരയിലേക്ക് കയറി. എന്നാൽ, ദൗത്യം സംബന്ധിച്ച ആശങ്ക തുടരുകയാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

രാവിലെ ആറുമണിയോടെയാണ് ദൗത്യം ആരംഭിച്ചത്. വയനാട്ടിൽനിന്ന് എത്തിച്ച വിക്രം, ഭാരത് എന്നീ കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവും ദൗത്യത്തിനായി സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ, ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതോടെ മയക്കുവെടി വെക്കുന്നത് വൈകുകയായിരുന്നു.വൈകീട്ട് നാലേകാലോടെയാണ് ചക്കക്കൊമ്പന് മയക്കുവെടിയേറ്റത്. പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങിയ ആന തുമ്പിക്കൈ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ച് ഗ്യാപ് റോഡ് ഭാഗത്തേക്ക് നീന്തുകയായിരുന്നു. ഇതോടെ ദൗത്യം പ്രതിസന്ധിയിലായി. വനംവകുപ്പ് സംഘം ബോട്ടിലെത്തി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറു വാർഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ചക്കക്കൊമ്പനെ ചിന്നക്കനാലിൽത്തന്നെ തുറന്നുവിടാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: