Headlines

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി




മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ഇത്തരത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍വാസം ലഭിക്കുന്നതിനുള്ള വ്യവസ്ഥ പുതിയ നിയമത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്നും, നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരക്കാരെ ഉറപ്പായും ജയിലിലേക്കയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കുന്ന സമഗ്രമായ നിയമനിര്‍മാണത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും, ലോകത്ത് ഒരിടത്തും ഇല്ലാത്ത തരത്തില്‍ വയോജനങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്ന നിയമമാണ് കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  അമ്മമാര്‍ മക്കളെ വളര്‍ത്താന്‍ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് വൈകാരികമായാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചത്. പട്ടിണിയുടെ കാലത്ത് പാടത്ത് കൊയ്ത്ത് കഴിഞ്ഞ് വീണുകിടക്കുന്ന നെന്മണികള്‍ വെയിലത്ത് നിന്ന് പെറുക്കിയെടുത്ത് കഞ്ഞിവെച്ച്, അതിലെ വറ്റ് മക്കള്‍ക്ക് നല്‍കി കഞ്ഞിവെള്ളം മാത്രം കുടിച്ച് ഉറങ്ങിയിരുന്ന അമ്മമാരുടെ നാടാണ് കേരളം. അത്രയേറെ കഷ്ടപ്പെട്ട് വളര്‍ത്തിയ മാതാപിതാക്കളെ, മക്കള്‍ വലിയ നിലയിലെത്തുമ്പോള്‍ ഉപേക്ഷിക്കുന്ന ഒരു സംസ്‌കാരം കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. മാതാപിതാക്കളെ ചേര്‍ത്തുപിടിക്കുന്ന പുതിയൊരു സംസ്‌കാരം ഇവിടെ വളര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tagged:

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: