ന്യൂഡല്‍ഹി: ‘കുട്ടികള്‍ കേവലം ജംഗമവസ്തുക്കളോ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ അല്ല’ കുട്ടികളുടെ സംരക്ഷണ തര്‍ക്കങ്ങളില്‍ മാതാപിതാക്കളുടെ നിയമപരമായ അവകാശത്തേക്കാള്‍ പ്രാധാന്യം കുട്ടിയുടെ ക്ഷേമത്തിനായിരിക്കണമെന്ന് സുപ്രിം കോടതി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നല്കിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം. പിതാവിനാണ് കുട്ടികളുടെ സംരക്ഷണാവകാശം ലഭിക്കേണ്ടതെന്ന നിയമം എല്ലായ്പ്പോഴും അപവാദങ്ങള്‍ക്ക് വിധേയമാണെന്നും അത് സാര്‍വ്വത്രികമായി ബാധകമല്ലെന്നും ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംരക്ഷണാവകാശം നല്‍കുന്നതിന് പിതാവ് യോഗ്യനാണെങ്കിലും, ഇത്തരം കേസുകളില്‍ പ്രധാന മാനദണ്ഡം കുട്ടികളുടെ ക്ഷേമമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനനം മുതല്‍ അമ്മയ്ക്കൊപ്പം താമസിക്കുന്ന കുട്ടികളെ അമ്മയോടൊപ്പം തന്നെ തുടരാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.
2009-ല്‍ വിവാഹിതരായ ദമ്പതികള്‍ 2014-ലാണ് വേര്‍പിരിഞ്ഞത്. ക്രൂരത ആരോപിച്ച് ഭര്‍ത്താവ് വിവാഹമോചനം നേടുകയും ചെയ്തിരുന്നു. 2018-ല്‍ മധുര കുടുംബകോടതി ഭാര്യയുടെ ജീവനാംശ ആവശ്യം അനുവദിച്ചെങ്കിലും, ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്സ് ആക്ട് പ്രകാരം കുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നല്കി. പിതാവിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അമ്മയുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു. കോടതി ഉത്തരവുകള്‍ക്ക് ശേഷവും പിതാവിനെ കുട്ടികളെ കാണാന്‍ അമ്മ അനുവദിച്ചില്ലെന്നും ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ അമ്മ സുപ്രിം കോടതിയെ സമീപിച്ചതോടെ 2025-ല്‍ കോടതി ഉത്തരവ് സ്റ്റേ ചെയ്തു. തുടര്‍ന്ന് മാതാപിതാക്കളെയും കുട്ടികളെയും കോടതി നേരിട്ട് വിളിച്ചുവരുത്തി. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ കുട്ടികളോട് കോടതി പ്രത്യേകം സംസാരിച്ചു. 16-ഉം 14-ഉം വയസ്സുള്ള ആണ്‍കുട്ടികള്‍ അമ്മയ്ക്കും അമ്മയുടെ മാതാപിതാക്കള്‍ക്കുമൊപ്പം താമസിക്കാനാണ് താല്പര്യപ്പെടുന്നതെന്നും പിതാവിനൊപ്പം പോകാന്‍ വിസമ്മതിക്കുന്നതായും കോടതിയെ അറിയിച്ചു. കുട്ടിക്കാലത്ത് ഏകദേശം രണ്ട് വര്‍ഷം മാത്രമാണ് പിതാവിനൊപ്പം താമസിച്ചതെന്നും ആകെ നാലോ അഞ്ചോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും കുട്ടികള്‍ വ്യക്തമാക്കി. പക്വതയോടെയും ആത്മവിശ്വാസത്തോടെയുമാണ് കുട്ടികള്‍ മറുപടി നല്‍കിയതെന്ന് നിരീക്ഷിച്ച സുപ്രിം കോടതി, കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ അമ്മയ്ക്കൊപ്പം വിടാന്‍ ഉത്തരവിടുകയായിരുന്നു.


