തിരുവനന്തപുരം: പൊതുപ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട തസ്തികകളുടെ അർഹതാ പട്ടിക
പ്രസിദ്ധീകരിച്ചതിനു ശേഷം പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും മാർക്ക് പ്രൊഫൈലിൽ ലഭ്യമാക്കുവാൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തീരുമാനിച്ചു. സ്റ്റാൻഡേർഡൈസേഷന്‍ ശേഷമുള്ള മാർക്കാണ് പ്രൊഫൈലിൽ ലഭ്യമാക്കുക. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം മാത്രം മാർക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന രീതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പൊതുപ്രാഥമിക പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ സ്വന്തം മാർക്ക് അറിയാൻ കാത്തുനിൽക്കേണ്ടതില്ല. വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സ്റ്റാൻഡേർഡൈസേഷൻ റിപ്പോർട്ടിലെ ഓരോ ഘട്ടത്തിനുമുള്ള ഫാക്ടർ പരിശോധിച്ചാൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യഥാർത്ഥ മാർക്ക് മനസ്സിലാക്കാൻ കഴിയും. ഏപ്രിൽ, മെയ് മാസങ്ങളിൽ നടന്ന ബിരുദ തല പൊതു പ്രാഥമിക പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ സ്റ്റാൻഡേർഡൈസേഷന്‍ ശേഷമുള്ള മാർക്ക് 2023 ജൂലൈ 27 മുതൽ അവരവരുടെ പ്രൊഫൈലിൽ ലഭ്യമാകും. ഇന്നു ചേർന്ന കമ്മീഷൻ യോഗത്തിലാണ് പുതിയ തീരുമാനം കൈ കൊണ്ടത്
