തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതി ആണ് മരിച്ചത്. തൃശൂർ വെളിയന്നൂരിലെ നിയറെസ്റ്റ് ലോഡ്ജിലെ മുറിയിലാണ് സംഭവം. ജൂൺ 27-നാണ് ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്.
ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും സമീപത്ത് നവജാത ശിശുവിനെയും കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ജ്യോതി മുറിയെടുക്കാൻ എത്തിയപ്പോൾ കൂടെ പാവറട്ടി സ്വദേശിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. യുവതിയുടെ മരണത്തിനും സംഭവത്തിന്റെ സാഹചര്യങ്ങൾക്കും പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്


