ബംഗളൂരു: ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ഗാര്‍ഹിക പീഡന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും സംബന്ധിച്ച നിയമം, ക്രിമിനല്‍ പ്രൊസീജര്‍ കോഡ് എന്നിവ പ്രകാരം ഹര്‍ജി നല്‍കിയെന്ന കാരണത്താല്‍ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാര്യയ്ക്ക് സ്ഥിരവരുമാനമുണ്ടെന്നും ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ലഭിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക ബാധ്യതകളേക്കുറിച്ചും വായ്പകളെക്കുറിച്ചും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഹര്‍ജിക്കാരി സമര്‍പ്പിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ ജീവനാംശം അനുവദിക്കുന്നതില്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ നിര്‍ണായകമാണെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ജീവനാംശം അനുവദിക്കുമ്പോൾ അപേക്ഷക സ്ത്രീയാണെന്ന ഒറ്റ കാരണത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പകരം, ഇരുകക്ഷികളുടെയും വരുമാനം, സാമ്പത്തിക സ്ഥിതി, ജീവിതനിലവാരം, സ്വത്തുക്കൾ, സ്വയം ഉപജീവനം നടത്താനുള്ള ശേഷി തുടങ്ങിയ എല്ലാ സാഹചര്യങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷമേ ജീവനാംശം അനുവദിക്കാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് കുടുംബകോടതികൾ പരിഗണിക്കേണ്ട പ്രധാന മാർഗനിർദേശങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.


