തൃശൂർ: സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവഡോക്ടർ കഞ്ചാവുമായി പിടിയിൽ. നിലമ്പൂർ സ്വദേശി ഡോ. സോനു സുരേഷ് (34) ആണ് കയ്പമംഗലത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയെന്നാരോപിച്ച് പെരിഞ്ഞനം സ്വദേശി അഭിനന്ദ് (25) എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡോക്ടർ പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു സോനു സുരേഷ്.
പെരിഞ്ഞനം സ്വദേശിയായ അഭിനന്ദിന്റെ താമസസ്ഥലത്തും പൊലീസ് പരിശോധന നടത്തി. റൂറൽ എസ്.പിയുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രദീപ്, സി.ഐ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ കയ്പമംഗലം പൊലീസും ഡോഗ് സ്ക്വാഡും ചേർന്നായിരുന്നു പരിശോധന
കയ്പമംഗലം എസ്.ഐമാരായ ജയകുമാർ, അവിനാഷ്, ഡാൻസാഫ് എസ്.ഐ പ്രദീപ്, എ.എസ്.ഐമാരായ ലിജു, ബിജു, സുർജിത്ത്, വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഞ്ചാവിന്റെ ഉറവിടവും വിതരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.


