തൃശ്ശൂരിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; 4 പേർ അറസ്റ്റിൽ


തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നിലമ്പൂർ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിലാണ് സംഘം യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും പ്രണയത്തിലായിരുന്നു. നാലുദിവസം മുമ്പ് ഇരുവരും തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇവരുടെ താമസസ്ഥലം മനസ്സിലാക്കിയ യുവാവിന്റെ ഭാര്യയാണ് തമിഴ്നാട്ടിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

പൊലീസ് ചമഞ്ഞാണ് ക്വട്ടേഷൻ സംഘം ലോഡ്ജിലെത്തിയതെന്നാണ് വിവരം. ലോഡ്ജിൽ അതിക്രമിച്ച് കയറിയ സംഘം യുവാവിനെയും യുവതിയെയും ബലമായി കാറിൽ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും കൈകാലുകൾ തുണികൊണ്ട് കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തിരുന്നു.

തിരുപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ യുവാവിനെ സംഘം ക്രൂരമായി മർദിച്ചതായും കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും പരാതിയിലുണ്ട്. തിരുപ്പൂരിന് സമീപത്തെ ആശുപത്രിക്ക് മുന്നിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. നിലമ്പൂർ സ്വദേശിനി മലപ്പുറത്ത് നൽകിയ പരാതി പിന്നീട് തൃശ്ശൂർ ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.

ക്വട്ടേഷൻ നൽകിയ യുവതിയടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: