മൈസൂരു: ദസറ ആഘോഷത്തിനായി കുടുംബത്തോടൊപ്പം ബലൂണ്‍ വില്‍പനയ്ക്കെത്തിയ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. മൈസൂരു അതിവേഗ കോടതിയുടേതാണ് വിധി. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാര്‍ത്തികിനെയാണ് (32) വധശിക്ഷയ്ക്ക് വിധിച്ചത്. 2025 ഒക്ടോബര്‍ 7-നാണ് കേസിനാസ്പദമായ സംഭവം. കച്ചവടത്തിന് ശേഷം രാത്രി ദസറ ഗ്രൗണ്ടില്‍ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ കുടുംബം നടത്തിയ തിരച്ചിലിനൊടുവില്‍ ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 24 മണിക്കൂറിനകം പ്രതിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ബസ് ക്ലീനറായിരുന്ന കാര്‍ത്തിക് മുന്‍പും സമാന കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2019-ല്‍ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാല് വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തില്‍ കഴിയവേയാണ് ഇയാള്‍ വീണ്ടും കുറ്റകൃത്യം ചെയ്തത്.


