കോഴിക്കോട്: കാലിക്കറ്റ് സര്വകലാശാല പഠന ബോര്ഡ് പുനസംഘടനയില് സംഘപരിവാര് അനുകൂല അധ്യാപക സംഘടനയിലെ അധ്യാപകര്. കോണ്ഗ്രസിന് ഭൂരിപക്ഷമുള്ള സിന്ഡിക്കേറ്റ് ആയിരിക്കെയാണ് ബോര്ഡ് ഓഫ് സ്റ്റഡീസില് സംഘപരിപരിവാറുകാര് വ്യാപകമായി ഇടംപിടിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് എന്ന സംഘടനയിലെ 32 അധ്യാപകരാണ് വിവിധ ബോര്ഡുകളിലായി ഇടം പിടിച്ചത്. ഇതില് രണ്ടുപേര് വിവിധ ബോര്ഡുകളുടെ ചെയര്മാന്മാരാണ് എന്നതും വ്യാപക വിമര്ശനത്തിന് കാരണമായിട്ടുണ്ട്. ബോര്ഡുകളില് അംഗങ്ങളായ അധ്യാപകര്ക്ക് അഭിനന്ദനങ്ങളുമായി സംഘടന പോസ്റ്റര് പുറത്തിറക്കിയിരുന്നു. സര്വകലാശാലയിലെ കോഴ്സുകള്ക്കുള്ള സിലബസുകള് തയ്യാറാക്കുന്നത് ഈ പഠന ബോര്ഡുകളാണ് എന്നതാണ് ഏറ്റവും ഗുരുതരമായ പ്രശ്നമായി എസ്എഫ്ഐയും ഇടത് അധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. വിഷയങ്ങളില് വലിയ പരിജ്ഞാനമുള്ള മുതിര്ന്ന അധ്യാപകരെയാണ് സാധാരണ ബോര്ഡ് ഓഫ് സ്റ്റഡീസില് നിയമിക്കാറുള്ളത്. അതില് നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള് യുഡിഎഫ് സിന്ഡിക്കേറ്റ് സ്വീകരിച്ചിരിക്കുന്നത് പുനസംഘടനാ പട്ടികയില് മരിച്ച വ്യക്തിയുടെ പേര് ഉള്പ്പെട്ടതും വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്വകലാശാലയ്ക്ക് കീഴിലെ ബിരുദ, ബിരുദാനന്തര സിലബസുകള് രൂപീകരിക്കുന്നതിലും പ്രധാന അക്കാദമിക് നയങ്ങള് നിശ്ചയിക്കുന്നതിലും നിര്ണായക ചുമതല വഹിക്കുന്ന സമിതിയാണ് ബോര്ഡ് ഓഫ് സ്റ്റഡീസ്. ചരിത്രത്തിലാദ്യമായാണ് സംഘപരിവാര് അധ്യാപക സംഘടനയ്ക്ക് പഠന ബോര്ഡുകളില് ഇത്രയധികം പ്രാതിനിധ്യം ലഭിക്കുന്നത്. രണ്ട് ബോര്ഡുകളുടെ ചെയര്പേഴ്സണ് സ്ഥാനങ്ങളും ഇവര്ക്ക് നല്കിയിട്ടുണ്ട്. യുഡിഎഫ് സിന്ഡിക്കേറ്റിന്റെ തീരുമാനത്തില് കടുത്ത എതിര്പ്പുമായി ഇടത് സംഘടനകള് രംഗത്ത് എത്തിയിട്ടുണ്ട്. അഫിലിയേറ്റഡ് കോളജുകളില് അടക്കം പരിചയ സമ്പന്നരായ നിരവധി അധ്യാപകര് ഉള്ളപ്പോഴാണ് ഇത്തരത്തില് സംഘപരിവാറുകാരെ നുഴഞ്ഞുകയറാന് യുഡിഎഫ് സിന്ഡിക്കേറ്റ് തന്നെ അവസരം ഒരുക്കുന്നതെന്ന് സംഘടനകള് വിമര്ശനം ഉയര്ത്തുന്നുണ്ട്
കോണ്ഗ്രസ്-മുസ് ലിം ലീഗ് സിന്ഡിക്കേറ്റ് അംഗങ്ങളും സര്വകലാശാലാ ഭരണനേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നാണ് ഇടത് സംഘടനകളുടെ പ്രധാന ആരോപണം. സംഭവത്തില് വരുംദിവസങ്ങളില് ശക്തമായ പ്രതിഷേധ പരിപാടികള് സംഘടിപ്പിക്കാനാണ് വിദ്യാര്ഥി-അധ്യാപക സംഘടനകളുടെ തീരുമാനം. സ്വാശ്രയ കോളജുകളില് നിന്നുള്ള ഗസ്റ്റ് അധ്യാപകര്ക്കടക്കം ഇത്തരത്തില് ബോര്ഡ് ഓഫ് സ്റ്റഡീസില് നിയമനം നല്കിയിട്ടുണ്ട്. കൂടാതെ പാലക്കാട് തൃശൂര് ജില്ലകളില് നിന്നുള്ള അധ്യാപകരെ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കരിക്കുലം പരിഷ്കരിക്കുന്ന സമയം അടുത്തിരിക്കെ ഇത്തരം ഒരു നീക്കം കൊണ്ട് യുഡിഎഫ് ഉന്നത വിദ്യാഭ്യാസ മേഖലയെ പരിപൂര്ണമായി കാവി വല്ക്കരിക്കാന് കൂട്ടുനില്ക്കുകയാണെന്ന് എസ്എഫ്ഐ കടുത്ത വിമര്ശനം ഉയര്ത്തുന്നു. ഉത്തരവ് പുറത്തിറങ്ങിയ പശ്ചാത്തലത്തില് ഇതില് ഇനി മാറ്റങ്ങള് ഉണ്ടാകാന് സാധ്യത ഇല്ലെന്നാണ് വിവരം


