കോഴിക്കോട്:കോഴിക്കോട്–സുൽത്താൻബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ മൂന്ന് സ്ത്രീകളാണ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. തങ്ങൾ ഇറങ്ങേണ്ട സ്ഥലമല്ലെന്ന് മനസ്സിലായതോടെ ബസ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം ആരംഭിച്ചത്.
ജീവനക്കാർ ബസ് നിശ്ചിത സ്റ്റോപ്പിൽ മാത്രമേ നിർത്താനാകൂവെന്ന് അറിയിച്ചതോടെയാണ് വാക്കേറ്റം രൂക്ഷമായത്. ഇതിനിടെ സ്ത്രീകൾ ബസിലെ ബെൽ വലിച്ച് പൊട്ടിച്ചതായാണ് ആരോപണം. സംഭവത്തെ തുടർന്ന് ബസിൽ യാത്ര ചെയ്തിരുന്ന മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് മൊഴിയെടുത്ത ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നത്.


