ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്‍ വിജയ് മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 118 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞത്. അവകാശവാദമുന്നയിച്ച് വിജയ് അല്‍പസമയത്തിനകം ഗവര്‍ണറെ കാണും. കോണ്‍ഗ്രസിനൊപ്പം ഇടത് പാര്‍ട്ടികളും വിസികെയും ടിവികെക്ക് പിന്തുണ നല്‍കി. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് എംഎല്‍എമാരും വിസികെ, സിപിഎം, സിപിഐ പാര്‍ട്ടികളില്‍ രണ്ട് പേര്‍ വീതവും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവല ഭൂരിപക്ഷം മറികടന്നത്. ‘ടിവികെ പാര്‍ട്ടി സിപിഐ, സിപിഐ(എം), വിസികെ എന്നിവയെ സമീപിച്ചു. ഞങ്ങളുടെ പാര്‍ട്ടി യോഗം ചേര്‍ന്നു. ജനാധിപത്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ ടിവികെയെ തിരഞ്ഞെടുത്തു. ജനാധിപത്യപരമായ രീതിയിലാണ് ഞങ്ങള്‍ തീരുമാനമെടുത്തത്.’സിപിഐ(എം)-മായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യന്‍ പറഞ്ഞു.
ടിവികെയെ പിന്തുണക്കുന്ന കാര്യത്തില്‍ ഡിഎംകെക്കുള്ളില്‍ ഭിന്നാഭിപ്രായമാണ് ഉയര്‍ന്നത്. എഐഎഡിഎംകെയുമായി സഖ്യം വേണമെന്നും ടിവികെയെ സര്‍ക്കാര്‍ രൂപകരിക്കാന്‍ അനുവദിക്കരുതെന്നും ഒരു വിഭാഗം എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടു.പാര്‍ട്ടിയുടെ നിലനില്‍പിന് ആവശ്യമായ നിലപാട് എടുക്കുമെന്നും കൂടെ നില്‍ക്കണമെന്നും എം.കെ സ്റ്റാലിന്‍ എംഎല്‍എമാര്‍ക്ക് മറുപടി നല്‍കിയത്. തമിഴ്നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടന്‍ വിജയ്യുടെ ശ്രമങ്ങള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ പിന്തുണ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് വിജയ്യുടെ അവകാശവാദം ഗവര്‍ണര്‍ തള്ളിയത്. 118 സീറ്റുകള്‍ വേണ്ടയിടത്ത് കോണ്‍ഗ്രസ് പിന്തുണയോടെ നിലവില്‍ 112 സീറ്റുകളാണ് ടിവികെ സഖ്യത്തിനുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് വിജയ്യുടെ സഖ്യവാഗ്ദാനം തള്ളിയ കോണ്‍ഗ്രസ്, ഫലം വന്നതോടെ നിലപാട് മാറ്റി ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.


