വെമ്പായം: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതര സംരക്ഷണ സംഗമം വെമ്പായം ജംഗ്ഷനിൽ സംഘടിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി വി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സിപിഐ ദേശീയ കൗൺസിൽ അംഗം ജി ആർ അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയും, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് പോലും മാറ്റിക്കൊണ്ട് നമ്മുടെ രാഷ്ട്രപിതാവിനോട് ബിജെപി ഗവൺമെന്റ് ഇന്നും പ്രതികാരം ചെയ്യുന്ന ഹീനമായ നിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ തകർക്കുന്ന നിലപാടുകളാണ് കേന്ദ്രത്തിൽ അധികാരത്തിലേക്കുന്ന ഗവൺമെന്റ് സ്വീകരിക്കുന്നത് എന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങളെ എല്ലാം തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയ ചേരിതിരിവുകൾക്കെതിരെയും ഭരണഘടന വിഭാഗം ചെയ്യുന്ന മതേതരത്വങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടന മൂല്യങ്ങളും മതസൗഹാർദവും ഉയർത്തിപ്പിടിക്കുന്നതിനും ഉത്തരം സംഗമങ്ങൾ ഏറെ സഹായകരമാകും എന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം എം നജീം സ്വാഗതം ആശംസിച്ചു, യോഗത്തിൽ അഭിവാദ്യം ചെയ്തുകൊണ്ട് പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം പാട്ടത്തിൽ ഷെരീഫ്, ജില്ലാ കമ്മിറ്റി അംഗം ബിന്ദു എൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് എച്ച് ഷാനവാസ്, എസ് രാജപ്പൻ നായർ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് തേക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ഷമീർ കൃതജ്ഞത രേഖപ്പെടുത്തി.


