വയനാട്: നവോത്ഥാന പോരാട്ടങ്ങളിലൂടെ പുറംതള്ളപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാ രങ്ങളും വീണ്ടും സമൂഹത്തിൽ ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ സാംസ്കാരിക പ്രവർത്തകർ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷകരായി മാറണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ എംപി പറഞ്ഞു
ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന ആശയങ്ങൾ പലപ്പോഴും സങ്കുചിതമായി പോവുകയാണ്.
പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനത്ത് നടക്കുന്ന പല കാര്യങ്ങളും ഇരുണ്ട കാലത്തെ ഓർമ്മിപ്പിക്കുകയാണ്. ആഭിചാരവും അന്ധവിശ്വാസങ്ങളുമെല്ലാം ഇന്നും സമൂഹത്തിൽ രൂഢമൂലമായി നിൽക്കുന്നുവെങ്കിൽ നാം നേടിയ പുരോഗമന ആശയങ്ങളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ജാതി – മത ചിന്തകളും വർണ്ണ വ്യത്യാസങ്ങളും ഈ പരിഷ്കൃത ലോകത്തും തുടരുന്നുവെങ്കിൽ ആഴത്തിലുള്ള
പരിശോധന വേണം. ഇസ്കഫ് പോലെയുള്ള സാംസ്കാരിക പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും.
സമൂഹത്തെ നവീകരിച്ച് നില നിർത്തേണ്ട വലിയ ഉത്തരവാദിത്വമാണ് ഏറ്റെടുക്കാനുള്ളത്. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സംഘടന കൂടുതൽ സജീവമാകണം. പുതിയ തലമുറയെ ചേർത്ത് പിടിക്കുന്ന പരിപാടികളും പദ്ധതികളും ആവിഷ്കരിക്കണം.മാനവികതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


