തിരുവനന്തപുരം :രാജ്യത്തെ പോളിയോ വിമുക്തമാക്കാൻ ലക്ഷ്യമിടുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം 28-ന് നടക്കും. അഞ്ചുവയസ്സിൽ താഴെയുള്ള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യകേന്ദ്രങ്ങൾ, നഗരാരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധസംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളിൽ മരുന്ന് വിതരണ ബൂത്തുകൾ ക്രമീകരിക്കും.
യാത്രയ്ക്കിടയിൽ കുഞ്ഞുങ്ങൾക്ക് വാക്സിൻ നൽകാൻ 539 ട്രാൻസിറ്റ് ബൂത്തുകളും, 283 മൊബൈൽ ബൂത്തുകളും, ഒമ്പത് ഉത്സവം/മേളകളിലെ ബൂത്തുകളും എന്നിവയുമുണ്ടാകും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലാണ് ട്രാൻസിറ്റ് ബൂത്തുകൾ. അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ദുർഘട പ്രദേശങ്ങൾ, ഉത്സവസ്ഥലങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ മരുന്ന് നൽകുന്നതിനാണ് മൊബൈൽ ബൂത്തുകൾ. ആകെ 22,288 ബൂത്തുകളാണ് മരുന്ന് വിതരണത്തിനുണ്ടാവുക. 46,663 സന്നദ്ധപ്രവർത്തകരെ പരിശീലനം നൽകി നിയോഗിക്കും.


