ലോകകപ്പിൽ വൻ അട്ടിമറി ജർമ്മനിയെ തകർത്ത് ഇക്വഡോർ

ഫിഫ ലോകകപ്പ് 2026ന്റെ ഗ്രൂപ്പ് ഇയില്‍ വമ്പൻ അട്ടിമറി. മൂന്നാം മത്സരത്തിനിറങ്ങിയ ജർമനിയെ 2-1ന് ഇക്വഡോർ പരാജയപ്പെടുത്തിയിരിക്കുകയാണ്

രണ്ടാം മിനുട്ടില്‍ ലിറോയ് സാനെയുടെ ഗോളിലൂടെ നാഗല്‍സ്മാനും സംഘവും മുന്നിലെത്തിയെങ്കിലും പിന്നീട് കഥ മാറി. നഷ്ടപ്പെടാനില്ലാത്തവരെപ്പോലെ പൊരുതിയ ഇക്വഡോറിന്റെ പോരാട്ടവീര്യത്തെ തടുക്കാൻ മാനുവല്‍ ന്യൂയറെന്ന ജർമനിയുടെ ഇതിഹാസ ഗോള്‍കീപ്പർക്കും സാധിക്കാതെ പോയി.

ആദ്യം പിന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങി കളി തോറ്റെങ്കിലും ജർമനി ഗ്രൂപ്പ് ഇയിലെ ചാമ്പ്യന്മാരായിത്തന്നെ റൗണ്ട് 32ലേക്ക് പോകും. എന്നാല്‍ നോക്കൗട്ട് മത്സരത്തിന് മുമ്പ് ജർമനിയുടെ ആത്മവീര്യം കെടുത്തുന്ന തോല്‍വിയായി ഇത് മാറിക്കഴിഞ്ഞിരിക്കുകയാണ്. 4-2-3-1 ഫോർമേഷനിലിറങ്ങിയ ജർമനിയെ 4-4-2 ഫോർമേഷനിലിറങ്ങിയാണ് ഇക്വഡോർ കീഴ്പ്പെടുത്തിയത്.

രണ്ടാം മിനുട്ടിലെ ലിറോയ് സാനെയുടെ ഗോളിന് ഏഴ് മിനുട്ട് അപ്പുറം നില്‍സൻ അംഗൂളോയിലൂടെ ഇക്വഡോർ മറുപടി നല്‍കി. ആദ്യ പകുതിയില്‍ സമനില പങ്കിട്ടപ്പോള്‍ 77ാം മിനുട്ടില്‍ ഗോണ്‍സാലോ പ്ലാറ്റയുടെ ഗോളിലാണ് ഇക്വഡോർ വിജയം നേടിയെടുത്തത്. ആക്രമണത്തോടൊപ്പം പ്രതിരോധത്തില്‍ കോട്ടകെട്ടാൻ ജർമനി മറന്ന് പോയതാണ് ഈ തിരിച്ചടിക്ക് കാരണമായത്.

ജർമനിയുടെ യുവനിരയുടെ ആക്രമണ ശെെലിയെ പരിശീലകൻ വിശ്വസിച്ചപ്പോള്‍ പ്രതിരോധത്തിലെ പാളിച്ച നാഗല്‍സ്മാനെന്ന യുവ പരിശീലകന് മനസിലാക്കാൻ സാധിക്കാതെ പോയി. ഇക്വഡോറിന്റെ പ്രത്യാക്രമണങ്ങളിലെല്ലാം ജർമൻ പ്രതിരോധം വിറച്ചു. ഒമ്പതാം മിനുട്ടിലെ അംഗൂളോയുടെ ലോങ് റേഞ്ചർ ജർമൻ ഗോളി മാനുവല്‍ ന്യൂയറേയും മറികടന്ന് വലയിലെത്തിയത് വലിയൊരു മുന്നറിയിപ്പായിരുന്നു.

ജർമനിയുടെ ഗോള്‍മുഖത്തേക്ക് വിങ്ങുകളിലൂടെ നിരന്തരം പന്തെത്തിക്കാൻ ഇക്വഡോറിന് സാധിച്ചു. പല തവണ ഇക്വഡോർ ലക്ഷ്യത്തിലെത്താതെ പോയത് നിർഭാഗ്യംകൊണ്ട് മാത്രമാണ്. മാനുവല്‍ ന്യൂയറിന്റെ മികവ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിലും വലിയ നാണക്കേടിലേക്ക് ചിലപ്പോള്‍ ജർമനിക്ക് പോകേണ്ടി വരുമായിരുന്നു. രണ്ടാം പകുതിയില്‍ ആക്രമണത്തിലൂടെ ഇക്വഡോറിനെ തളർത്താം എന്ന ജർമൻ പദ്ധതിയാണ് പാളിച്ചത്.


കളിക്കണക്കുകളില്‍ ജർമനിക്ക് പതിവ് ആധിപത്യം അവകാശപ്പെടാൻ സാധിക്കുമായിരുന്നെങ്കിലും പ്രതിരോധത്തിലെ വീഴ്ച്ച മനസിലാക്കുന്നതില്‍ പിഴവ് സംഭവിച്ചു. കഴിഞ്ഞ മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയും നേരിട്ട ജർമനി ഗ്രൂപ്പ് ചാമ്പ്യന്മാർ തന്നെയാണ്. പക്ഷെ ഏഴ് ഗോള്‍ ക്യുറസാവോയുടെ അക്കൗണ്ടിലെത്തിച്ച്‌ ജയിച്ചപ്പോഴും ഐവറി കോസ്റ്റിനെ 2-1ന് തോല്‍പ്പിച്ചപ്പോഴും ഗോളുകള്‍ അടിക്കുന്നതോടൊപ്പം വഴങ്ങാനും ജർമനി മടി കാട്ടുന്നില്ലെന്ന് വ്യക്തം

ഇത് ടീമിന്റെ പ്രതിരോധത്തിലെ വിള്ളലിനെയാണ് സൂചിപ്പിക്കുന്നത്. ഇക്വഡോറിനോടേറ്റ തോല്‍വി ജർമനിയെ സംബന്ധിച്ച്‌ അനിവാര്യ സമയത്തുള്ള അർവാര്യമായ തിരിച്ചടിയാണ്. കാരണം നോക്കൗട്ടിന് മുമ്പ് ടീമിന്റെ ദൗർബല്യം കൃത്യമായി തിരിച്ചറിയാൻ ഇപ്പോള്‍ ടീമിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാൻ ടീമിന് സാധിക്കേണ്ടതായുണ്ട്.

സെന്റർ ബാക്കില്‍ അന്റോണിയോ റൂഗ്രിഗറും ജൊനാതൻ തായും ജോഷ്വാ കിമ്മിച്ചും എല്ലാം ഉള്‍പ്പെടുന്ന ജർമനിയുടെ പ്രതിരോധ നിര മോശമല്ല. പക്ഷെ എതിർ ടീമിന്റെ കടന്നാക്രമണങ്ങളില്‍ ഇവരുടെ പദ്ധതി പാളുകയാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാവും ജർമൻ പരിശീലകൻ പ്രതിരോധത്തിലെ പാളിച്ചയെ മറികടക്കുകയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: