വരുമാനത്തിന്റെ നിശ്ചിത ഭാഗം ഭാവിയിലേക്ക് കരുതിവയ്ക്കുന്നവരിലേറെയും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്.ഉയർന്ന പലിശയും കൂടുതല്‍ സുരക്ഷിതത്വവും പ്രധാനം ചെയ്യുന്നവയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസ് ശാഖകളില്‍ പോകുന്നത് ചിലർക്കെങ്കിലും എപ്പോഴും നടന്നെന്ന് വരില്ല. എന്നാല്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ നോമിനി വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി പുതുക്കാമെന്ന മാറ്റമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ പോസ്റ്റ് ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകാൻ പോകുന്നത്.
പിപിഎഫ് , സീനിയർ സിറ്റിസണ്‍ സേവിങ്സ് സ്കീം എന്നീ നിക്ഷേപ പദ്ധതികളില്‍ ചേർന്നിട്ടുള്ളവർക്ക് പുതിയ മാറ്റം വലിയ ആശ്വാസമാകും. നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി അവകാശികളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്കായി പേര് അച്ചടിച്ച പേഴ്സണലൈസ്ഡ് ചെക്ക് ബുക്കുകളും ഇന്ത്യ പോസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ആർഡി നിക്ഷേപകർക്കും ഇത് വലിയ ഉപകാരമാകും.മുതിർന്ന പൗരന്മാർക്ക് തങ്ങളുടെ മാസവരുമാനം കൈപ്പറ്റാൻ ഇനി പോസ്റ്റ് ഓഫീസുകളില്‍ പോയി ക്യൂ നില്‍ക്കേണ്ടി വരില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. തിരക്കേറിയ ബ്രാഞ്ചുകളില്‍ നേരിട്ട് പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താൻ ഇത് സഹായിക്കും.
പുതിയ സേവനങ്ങള്‍ ലഭിക്കാൻ
പോസ്റ്റ് ഓഫീസിന്റെ പുതിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലില്‍ ലോഗിൻ ചെയ്യുക. പിപിഎഫ്, എസ്സിഎസ്എസ് അക്കൗണ്ടുകളില്‍ മാറ്റങ്ങള്‍ വരുത്താൻ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാണ്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കില്‍ പുതിയ ചെക്ക് ബുക്കുകള്‍ ലഭിക്കും. ഇത് ഭാവിയില്‍ ക്ലെയിം നടപടികള്‍ വേഗത്തിലാക്കാനും വീട്ടിലിരുന്ന് തന്നെ വലിയ നിക്ഷേപങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനും സഹായിക്കും.


