ആയൂർ : കൊല്ലം ആയൂരിൽ വയോധികയായ അമ്മയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു. ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകൾ അമൃതയും ചേർന്നാണ് വയോധികയെ ആക്രമിച്ചത്. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ആയൂർ ഒഴുകുപാറക്കൽ സ്വദേശിയായ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി.
വസ്തുവിന്‍റെ പേരിൽ മാതാപിതാക്കളും മകളും തമ്മിൽ തർക്കം ഉണ്ടായി. വഴക്കിന് ഒടുവിൽ അശ്വതിയും മകളും ചേർന്ന് ഇരുവരെയും വീടിന് പുറത്താക്കി. പിന്നാലെയാണ് സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ മേൽ അശ്വതിയും മകളും ചേർന്ന് തിളച്ച വെള്ളം ഒഴിച്ചെന്നാണ് പരാതി. മുഖത്തും ദേഹത്തും പൊള്ളലേറ്റ വയോധിക ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചടയമംഗലം പൊലീസ് അശ്വതിക്കും മകൾക്കും എതിരെ കേസെടുത്തു. മുൻപും ഉപദ്രവം നടന്നിട്ടുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്.


