രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിൽ ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. ഭരത്പൂർ ജില്ലയിലെ അതർ സിംഗ് ഭദാനയാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി ഭദാന ഭോണ്ട ഗ്രാമത്തിലെ ക്രഷര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ഏറ്റുമുട്ടലിനിടെ ഭദാനയെയും കൂട്ടാളിയായ ഗഗൻ ശർമയെയും വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചതായി സർക്കിൾ ഓഫീസർ നീരജ് ഭരദ്വാജ് പറഞ്ഞു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭദാനയെ പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിൽ കഴിയവെ മരണം സംഭവിക്കുകയായിരുന്നു. ശർമയെ വിദഗ്ധചികിത്സയ്ക്കായി ഭരത്പൂരിലേക്ക് മാറ്റി.

മേച്ചിൽപ്പുറങ്ങൾ കയ്യേറിയെന്നും അനധികൃത ഖനനം നടത്തിയെന്നും ആരോപിച്ചാണ് ഗ്രാമവാസികൾ ഭദാനയ്‌ക്കെതിരെ രംഗത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഏകദേശം ഒരു വർഷത്തോളമായി അടഞ്ഞുകിടന്നിരുന്ന ഈ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങളാണ് സംഘർഷത്തിന് കാരണമായത്. ഈ ക്രഷർ വീണ്ടും തുറക്കുന്നതിനെതിരെ കഴിഞ്ഞ 10-15 ദിവസങ്ങളായി തങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ അവകാശപ്പെടുന്നു.

എന്നാൽ ഞായറാഴ്ച വൈകുന്നേരത്തോടെ ഭദാന 40 മുതൽ 50 വരെ ആളുകളുമായി സ്ഥലത്തെത്തുകയും സമരക്കാരെ അവിടെനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തത് വലിയൊരു ഏറ്റുമുട്ടലിലേക്ക് നയിച്ചതായി അവർ ആരോപിക്കുന്നു. പരസ്പരം കയ്യേറ്റം ചെയ്തതായി ഇരുവിഭാഗവും പരാതിപ്പെട്ടിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി ഗ്രാമത്തിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ ഭരദ്വാജ് അറിയിച്ചു. ഭദാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: