ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത (74) നോയിഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് വിവരം. സംഭവം നടക്കുന്ന സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ കുടുംബം ഡെറാഡൂണിലേക്ക് പോയ സമയത്താണ് രാകേഷ് മേത്ത ജീവനൊടുക്കിയത്. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ആരോഗ്യപ്രശ്‌നങ്ങളും, മാനസികവിഷമങ്ങളും മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.
1975 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായ മേത്ത, മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഉൾപ്പെടെ വിവിധ പദവികളിൽ അദ്ദേഹം ഡൽഹി സർക്കാരിന്റെ ഭാഗമായിരുന്നു. 2007 ൽ അദ്ദേഹം ഡൽഹി ചീഫ് സെക്രട്ടറിയായി, മൂന്ന് വർഷത്തിലേറെ സേവനമനുഷ്ഠിച്ചു, ദേശീയ തലസ്ഥാനത്തെ ചില പ്രധാന ഗതാഗത, വൈദ്യുതി, സിവിക് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ നടപ്പിലാക്കിയതിന്റെ ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. 2010-ൽ അദ്ദേഹത്തിന്റെ കാലത്താണ് ഡൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് സംഘടിപ്പിച്ചത്. സംസ്കാരം നടന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് നോയിഡ പോലീസ് അറിയിച്ചു.


