കോട്ടയം: മെഡിക്കൽ കോളേജ് മുൻ വിഭാഗം മേധാവിയുടെ വീട്ടിലെ കാർ തീയിട്ട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മുൻ ജീവനക്കാരന് ദാരുണാന്ത്യം. കോട്ടയം മെഡിക്കൽ കോളേജിലെ റിട്ട. ഡോക്ടർ സി.ആർ. ജയകുമാറിന്റെ ഗാന്ധിനഗറിലെ വീട്ടിലാണ് സംഭവം നടന്നത്. ചെങ്ങളം സ്വദേശിയായ ചെല്ലപ്പൻ (84) ആണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
95 ശതമാനം പൊള്ളലേറ്റ ചെല്ലപ്പനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. 14 വർഷമായി ഡോ. ജയകുമാറിന്റെ വീട്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു ചെല്ലപ്പൻ. മാർച്ചിൽ ജോലിനിർത്തുകയാണ് എന്ന് പറഞ്ഞ ചെല്ലപ്പന് ഡോക്ടർ പണം നൽകുകയുംചെയ്തു. ഇതിൽ തൃപ്തനാകാതെ ഡോക്ടറുമായി വാക്കുതർക്കമുണ്ടായി.
അന്ന് ഡോക്ടറോട് കയർത്തു സംസാരിച്ചതിനുശേഷമാണ് ചെല്ലപ്പൻ മടങ്ങിയതെന്ന് പറയുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെ കന്നാസിൽ കൊണ്ടുവന്ന പെട്രോൾ ചെല്ലപ്പൻ പോർച്ചിൽ കിടന്ന കാറിലേക്ക് ഒഴിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റ് പണിക്കാർ ഈ സംഭവം കണ്ടുവെങ്കിലും കാറ് കഴുകുകയാണെന്നാണ് ആദ്യം കരുതിയത്. തീ പടർന്നുതുടങ്ങിയതോടെയാണ് അതിക്രമമാണെന്ന് അവർ മനസ്സിലാക്കിയത്.
ഇതിനിടെ കാറിൽനിന്ന് ചെല്ലപ്പന്റെ ദേഹത്തേക്ക് തീ പടർന്നു. ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐ.സി.യുവിലേക്ക് മാറ്റി. രാത്രി എട്ടരയോടെ മരിച്ചു. ചെല്ലപ്പനെ പ്രതിയാക്കി ഗാന്ധിനഗർ പോലീസ് കേസെടുത്തു.
മന്ത്രി വി.എൻ. വാസവൻ സ്ഥലത്തെത്തി. കോട്ടയം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസിന്റെ സയിന്റിഫിക് വിഭാഗവും സ്ഥലത്തെത്തി.


