വെമ്പായം: വെമ്പായത്തെ ബാറിൽ മദ്യപാന സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം ഉണ്ടായത്. ബാറിൽ മദ്യപിക്കാനെത്തിയ സംഘവും അവിടെയുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശിയായ യുവാവും തമ്മിൽ ഉണ്ടായ വാക്കേറ്റമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ ബാറിൽ നിന്നും പുറത്തുപോയ യുവാവ്, പെട്രോൾ വാങ്ങി തിരിച്ചെത്തുകയും ബാറിലുണ്ടായിരുന്നവർക്ക് നേരെ ഒഴിച്ച ശേഷം തീ കൊളുത്തുകയുമായിരുന്നു.
പെട്ടെന്ന് തീ പടർന്നതോടെ ബാറിനുള്ളിൽ ഉണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. പൊള്ളലേറ്റ നാല് പേരുടെയും നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ് ഫയർഫോഴ്സും പോലീസും ഉടനടി സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും അക്രമം നടത്തിയ യുവാവിനായുള്ള തിരച്ചിലും പോലീസ് ഊർജ്ജിതമാക്കി.


