Headlines

അതിഥി തൊഴിലാളി ക്ഷാമം വരുന്നവർക്കായി പിടിവലി; കൂലി അനുദിനം കൂടുന്നു, 2000 രൂപവരെ ആവശ്യം



കോഴിക്കോട് : ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന അതിഥിത്തൊഴിലാളികളുടെ വരവ് വൻതോതിൽ കുറഞ്ഞതോടെ എത്തുന്ന തൊഴിലാളികൾക്കായി കരാറുകാരുടെ ചാക്കിട്ടു പിടിത്തം. സംസ്ഥാനത്ത് ആയിരക്കണക്കിനു ഇതര സംസ്ഥാന തൊഴിലാളികളാണ് വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നത്. തൊഴിലാളികളുടെ കുറവ് വന്നതോടെ നിർമാണ മേഖലയ്ക്കു പുറമേ കാർഷിക മേഖലയിലും ഹോട്ടൽ മേഖലയിലും വലിയ സ്തംഭനമാണ് ഉണ്ടായിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാടുകളിലേക്ക് വണ്ടി കയറിയ തൊഴിലാളികളിൽ 75 ശതമാനവും തിരികെ എത്തിയിട്ടില്ല. ഇതോടെയാണ് നാട്ടിലെത്തുന്ന തൊഴിലാളികളെ റാഞ്ചാൻ റെയിൽവേ സ്റ്റേഷനുകളിൽ കരാറുകാരുടെ തിരക്ക്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങി ഒട്ടു മിക്ക റെയിൽവേ സ്റ്റേഷനുകളിലും ഇതു കാണാൻ കഴിയും. എസ്ഐആറുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ തൊഴിലാളികളും നാട്ടിലേക്ക് വണ്ടി കയറിയത്.

മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇത്രയധികം പേർ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയിട്ടില്ലെന്ന് തൊഴിലാളികൾ തന്നെ പറയുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ് ഫലപ്രഖ്യാപനവും വന്നു പുതിയ സർക്കാരുകൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയിട്ടും തൊഴിലാളികളുടെ തിരിച്ചുവരവ് നീണ്ടു. ബലി പെരുന്നാൾ കഴിയുന്നതോടെ മെച്ചപ്പെടുമെന്നു കരുതിയെങ്കിലും സ്ഥിതി നിരാശാജനകമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിൻ എത്തിയാൽ കൂട്ടത്തോടെ തൊഴിലാളികൾ വന്നിരുന്ന സ്ഥാനത്ത് സ്റ്റേഷനുകൾ കാലിയാകുന്ന കാഴ്ചയാണ് ഉള്ളത്.

ഇതിനിടെ സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂലി ഏകീകരണവും പ്രഖ്യാപിച്ചു. മേസ്തിരിമാർക്ക് 1100 രൂപയും ഹെൽപർമാർക്ക് 1000 ആണ് കൂലി പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനം തള്ളി മേസ്തിരിക്ക് 1400 മുതൽ 1500 വരെയും ഹെൽപർക്ക് 1200 വരെയും കരാറുകാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും 1700 മുതൽ 2000 രൂപവരെയാണ് കൂലിയായി ആവശ്യപ്പെടുന്നത്.

അതേസമയം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, കുളത്തൂര്, കാടാമ്പുഴ വളാഞ്ചേരി …. തുടങ്ങിയ പ്രദേശങ്ങളിൽ അന്യസംസ്ഥാന കൂലിപ്പണിക്കാർക്ക് 900 രൂപയെ കൂലി കൊടുക്കാൻ പാടുള്ളൂ എന്ന് പറഞ്ഞ് പ്രതികരണ കൂട്ടായ്മയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവിടെ 1100 മുതൽ 1400 രൂപ വരെയാണ് അന്യസംസ്ഥാന തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

ഒരു കൂട്ടർ വിളിച്ചു വരുത്തുന്ന തൊഴിലാളികളെ മറ്റൊരു കൂട്ടർ കൂടിയ കൂലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്. കുട്ടനാടൻ നിർമാണ മേഖലയിൽ തൊഴിലാളി ക്ഷാമം മൂലം ജോലികൾ നിലച്ച മട്ടാണ്. കഴിഞ്ഞ മൂന്നുമാസമായി 75 ശതമാനത്തിലധികം നിർമാണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. തിരുവോണത്തിന് ഗൃഹപ്രവേശം തീരുമാനിച്ചാണു പല കുടുംബങ്ങളും കരാറുകാരുമായി ധാരണയായിട്ടുള്ളത്. നിർമാണം പുനരാരംഭിക്കാത്തതിൽ വീട്ടുകാരും കരാറുകാരും തമ്മിൽ വാക്കുതർക്കവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. തൊഴിലാളിക്ഷാമം മൂലം ധാരണ പ്രകാരം നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നു കരാറുകാർ പറയുന്നു.

ഇങ്ങനെയൊക്കെ പ്രതിസന്ധി ഉണ്ടായിരിക്കേ നമ്മുടെ നാട്ടിൽ ലക്ഷക്കണക്കിന് ( ഏകദേശം 12 ലക്ഷം) തൊഴിൽരഹിതർ ഉണ്ടത്രേ. അവരെല്ലാം വൈറ്റ് കോളർ ജോലി പ്രതീക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ രാവിലെ 9 മണി മുതൽ നാലുമണിവരെ ജോലി ചെയ്താൽ ആയിരവും അതിൽ കൂടുതലും കിട്ടുന്ന അവസരത്തിൽ ഈ തൊഴിലില്ലായ്മ കൂട്ടം രംഗത്തിറങ്ങുകയാണെങ്കിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ചൂഷണത്തിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: