കൊച്ചി: ലൈംഗിക ചേഷ്ടകളും അസഭ്യ കമന്റുകളും ചോദ്യം ചെയ്ത രണ്ട് യുവതികളെ സംഘം ചേർന്ന് ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി അറസ്റ്റിലായി. പാലക്കാട് ചെറുപ്പുളശ്ശേരിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം എടപ്പാൾ സ്വദേശിയായ ആൽബിൻ, പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. ക്രിമിനൽ പശ്ചാത്തലമുള്ള അക്ബറിന്റെ ഹോട്ടലിലെ ജീവനക്കാരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി.
മത്സരപ്പരീക്ഷാ പരിശീലനത്തിനായി കൊച്ചി കലൂരിൽ താമസിക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശിനികളായ രണ്ട് യുവതികൾ ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെ സമീപത്തെ കടയിൽ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. കടയ്ക്ക് സമീപം ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 11 അംഗ സംഘമാണ് യുവതികൾക്കെതിരെ ആക്രമണം നടത്തിയത്. സംഘത്തിലെ ചിലർ അസഭ്യ പരാമർശങ്ങളും ലൈംഗിക ചേഷ്ടകളും നടത്തിയതിനെ യുവതികൾ ചോദ്യം ചെയ്തു. തുടർന്ന് ഇവരിൽ ചിലർ യുവതികളുടെ ദേഹത്ത് കടന്നുപിടിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു.
സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച യുവതികളുടെ ഫോൺ അക്രമികൾ തട്ടിയെടുത്ത് എറിഞ്ഞ് നശിപ്പിച്ചു. കൈപിടിച്ച് തിരിക്കുകയും മർദിക്കുകയും ചെയ്തതോടൊപ്പം ഒരാളുടെ വസ്ത്രം വലിച്ചുകീറി നിലത്തേക്ക് തള്ളിയിട്ട് ചവിട്ടിയതായും പരാതിയുണ്ട്.
പരിക്കേറ്റ യുവതികൾ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തി ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് 11 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുകയാണ്


