ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ ജിമ്മില്‍ വരുന്ന യുവതികളുടെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറ ഉപയോഗിച്ച് പകർത്തി ബ്ലാക്ക് മെയില്‍ ചെയ്തെന്ന പരാതിയില്‍ ജിം മാനേജർ അമിൻ മുള്‍ട്ടാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡ്രസ്സിങ് റൂമില്‍ രഹസ്യ ക്യാമറകള്‍ വച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും, അത് ഉപയോഗിച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുന്നുവെന്ന് കാട്ടി ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ജിമ്മില്‍ നടത്തിയ പരിശോധനയില്‍ പെൻ ഡ്രൈവുകള്‍, ബ്ലാങ്ക് ചെക്കുകള്‍, ഡയറികള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു.
സുരേന്ദ്രനഗറിലെ ദുധ്രേജ് റോഡിലും 80 ഫീറ്റ് റോഡിലും പ്രവർത്തിക്കുന്ന രണ്ട് ജിമ്മുകളിലാണ് പൊലീസ് സംഘം മിന്നല്‍ റെയ്ഡ് നടത്തിയത്. ജിം കേന്ദ്രീകരിച്ച് അനധികൃത പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പൊലീസിന് ലഭിച്ച കത്താണ് കേസില്‍ വഴിത്തിരിവായത്. നഗരത്തിലെ നിരവധി പെണ്‍കുട്ടികള്‍ പതിവായി എത്തുന്ന ഈ കേന്ദ്രങ്ങളില്‍, വസ്ത്രം മാറുന്ന സ്ഥലങ്ങളില്‍ ക്യാമറ വച്ച് ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വേഷം മാറി നേരിട്ടെത്തിയാണ് ജിമ്മുകളില്‍ റെയ്ഡ് നടത്തിയത്. അവിടെനിന്നും കസ്റ്റഡിയിലെടുത്ത പെൻഡ്രൈവില്‍ സ്ത്രീകളുടെ ചിത്രങ്ങളും വിഡിയോകളും ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച പൊലീസ്, ഇത് കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു. അതേസമയം, റെയ്ഡില്‍ ജിമ്മിനുള്ളില്‍ നിന്ന് രഹസ്യ ക്യാമറകള്‍ കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി.


