Headlines

കോതമംഗലത്ത് മദ്യപിച്ച് വീട്ടിലെത്തി വൃദ്ധ മാതാവിനെ ക്രൂരമായി മർദിച്ച് മകൻ; ദൃശ്യങ്ങൾ പുറത്ത്

കോതമംഗലം: എറണാകുളം കോതമംഗലത്ത് വൃദ്ധയായ മാതാവിന് മകന്റെ ക്രൂര മർദ്ദനം. മർദനത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയാണ് മർദ്ദനത്തിന് ഇരയായത്. മകൻ കുട്ടായിയാണ് പൊന്നമ്മയെ മർദിച്ചത്. അയൽവാസികളാണ് സംഭവം ആദ്യം കണ്ടത്. അമ്മയെ കുട്ടായി സ്ഥിരമായി മർദിക്കാറുണ്ടായിരുന്നെന്നാണ് ഇവർ പറയുന്നത്.

തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ചെയ്തതാണ്. എന്നാൽ മകനെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. രാത്രികാലങ്ങളിൽ മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ പൊന്നമ്മ അയൽവീടുകളിൽ അഭയം തേടാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

മകനെതിരെ പരാതി നൽകാൻ അമ്മ തയ്യാറാകാത്തതിനാൽ പൊലീസ് നിലവിൽ കേസെടുത്തിട്ടില്ല. പരാതിയില്ലാതെ കേസ് എടുത്താൽ പിന്നീട് കോടതിയിൽ തള്ളിപ്പോകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് നടപടിയെടുക്കാത്തത്. എന്നാൽ, ദൃശ്യങ്ങൾ തെളിവായി പുറത്തുവന്ന സാഹചര്യത്തിൽ നിയമനടപടികളുടെ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

നിലവിൽ നാട്ടുകാരും പൊലീസും ഇടപെട്ട് പൊന്നമ്മയെ പ്രദേശത്തെ സ്നേഹഭവനത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കുട്ടായിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി മാതാവിനെ മര്‍ദ്ദിക്കാറുണ്ടായിരുന്നു കുട്ടായി എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസവും ഇയാള്‍ മദ്യപിച്ചെത്തി മാതാവിനെ മര്‍ദ്ദിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: