തിരുവനന്തപുരം: ആഹാരം കഴിച്ചുകൊണ്ടിരിക്കെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ധന്യ (38) ആണ് മരിച്ചത്. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയാണ് ധന്യ. ജോലിക്ക് പോകുന്നതിനുള്ള സൗകര്യാർത്ഥം കണിയാപുരത്ത് വാടകവീട്ടിലായിരുന്നു ധന്യ താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.
ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. ചൂര മീന്‍ അച്ചാറും മരിച്ചീനി പുഴുങ്ങിയതുമാണ് ഇവര്‍ കഴിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ചയുടനെ കടുത്ത ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്ന ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ മൃതദേഹം മണലിമുക്കിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭര്‍ത്താവ്: ശ്രീജിത്. മകള്‍: ശ്രദ്ധ


