കളമശേരി കൂട്ടബലാത്സംഗം; യുവതിയ്ക്ക് നൽകിയത് ബീയറും ലഹരി ചേർത്ത ഐസ്ക്രീമും; കൂടുതൽ പീഡിപ്പിച്ചത് അമ്മു



     

കൊച്ചി : കളമശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പീഡനവിവരങ്ങൾ പുറത്ത്. അതിക്രമത്തിനിരയായ യുവതി നേരിട്ടത് കൊടിയ മർദനവും പീഡനവുമാണെന്ന് ഭർത്താവ് വെളിപ്പെടുത്തി. ക്രൂരതയ്ക്ക് നേതൃത്വം നൽകിയത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും, കടുത്ത ശാരീരിക-മാനസിക ആഘാത നേരിടുന്ന യുവതി നിലവിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്പായുടെ മറവിൽ സ്ത്രീകളെ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന വൻ സംഘമാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ ആലപ്പുഴ കാർത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒളിവിലുള്ള രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, മൂന്നാം പ്രതി സഞ്ജു എന്നിവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

മുൻപ് അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി, ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പുതിയ അവസരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ഒ.എൽ.എക്സിൽ സ്പാ മാനേജർ ഒഴിവുണ്ടെന്ന പരസ്യം കാണുന്നത്. ഇന്റർവ്യൂവിന് പോയ യുവതിക്ക് ജോലി ലഭിച്ചതായും അറിയിച്ചിരുന്നു. എന്നാൽ തുടർന്ന് ഇന്റർവ്യൂ സമയം മാനേജരെന്ന് പരിചയപ്പെടുത്തിയ യുവതി വീണ്ടും വിളിച്ചതിനെ തുടർന്നാണ് യുവതി ഇവിടേക്ക് പോയത്.

അവിടെയെത്തിയ യുവതിക്ക് പ്രതികൾ ലഹരി കലർത്തിയ ഐസ്ക്രീമും ബിയറും നൽകി ബോധം കെടുത്തിയ ശേഷമായിരുന്നു കൂട്ടബലാത്സംഗം ഇരയാക്കിയത്. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോഴാണ് താൻ നേരിട്ട ദാരുണാവസ്ഥ യുവതി തിരിച്ചറിയുന്നത്. രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ വീണ്ടും ഉപദ്രവിക്കുകയും, ദൃശ്യങ്ങൾ പകർത്തി പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വൈകുന്നേരത്തോടെ കൂടുതൽ ആളുകൾ മുറിയിലേക്ക് എത്തിയതോടെ, ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് സ്വയം കുത്തി ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി മുഴക്കിയതോടെയാണ് സംഘം വിട്ടയയ്ക്കാൻ തയ്യാറായത്. വീട്ടിലെത്തിയ യുവതിയുടെ മുഖത്തിന്റെ ഇരുവശങ്ങളും വീർത്ത നിലയിലും മുറിവുകളോടെയുമായിരുന്നു കണ്ടത്. തുടർന്ന് ഭർത്താവ് നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് നേരിട്ട ക്രൂരതകൾ വെളിപ്പെടുത്തിയത്.

അതിക്രമം നടന്ന ഇടപ്പള്ളി ഉണിച്ചിറയിലുള്ള ‘ഡിലൈറ്റ് ആയുർവേദിക് സ്പാ’ പൊലീസ് പൂട്ടി മുദ്രവെച്ചു. ശ്രീരാജ് പങ്കാളിത്തത്തോടെ നടത്തുന്ന മറ്റു സ്പക്കളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ യുവതിയുടെ പ്രാഥമിക മൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും, ആരോഗ്യനില മെച്ചപ്പെട്ട ശേഷം കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: