തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ വാക്പോര് താത്കാലികമായി ശമിച്ചെങ്കിലും സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയ്ക്ക് അയവില്ല. യുഡിഎഫ് അധികാരത്തിലെത്തിയശേഷം നിയമസഭയുടെ രണ്ടാമത്തെ സമ്മേളനം നടക്കുമ്പോഴും എൽഡിഎഫ് പാർലമെന്ററി പാർട്ടിയോഗം വിളിച്ചുചേർക്കാൻ കഴിഞ്ഞിട്ടില്ല. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ പോലും മുന്നണിക്കുള്ളിൽ കൂട്ടായ ആലോചന നടക്കാത്തത് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായാണ് സൂചന.
പാർലമെന്ററി പാർട്ടിയോഗം വിളിക്കണമെന്ന ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ നേരിൽക്കണ്ട് ഉന്നയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ തീരുമാനമായശേഷം യോഗം ചേർന്നാൽ മതിയെന്ന നിലപാടാണ് ബിനോയ് വിശ്വം സ്വീകരിച്ചതെന്നാണ് വിവരം.
ഉപനേതൃസ്ഥാനം തത്കാലം ഒഴിച്ചിടുകയും തർക്കം പരിഹരിക്കാൻ സമവായത്തിലെത്തുകയും ചെയ്യണമെന്ന ഫോർമുല ഇരുപാർട്ടികളിലെയും ദേശീയ നേതാക്കൾ ചർച്ച ചെയ്തിരുന്നു. എന്നാൽ ഒത്തുതീർപ്പിനോട് അനുകൂല സമീപനമല്ല പ്രതിപക്ഷ നേതാവ് പിണറായി വിജയന്റേതെന്നാണ് സൂചന. ഈ വിഷയത്തിൽ സിപിഎം ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്ന് ബിനോയ് വിശ്വം പാർട്ടി നേതൃയോഗത്തിൽ വിശദീകരിച്ചതായാണ് വിവരം.


