Headlines

ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഫറോക്കിലെ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് പെരുമുഖം കള്ളിക്കൂടം സ്വദേശി മണ്ണാങ്കണ്ടി വീട്ടില്‍ അബ്‍ദുൾ ഖാദറി(48) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. മുക്കുപണ്ടം പണയം വച്ച് 1,71,000 രൂപ തട്ടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് സ്വദേശിയായ ചിത്തരഞ്ജനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മണ്ണൂര്‍ വളവില്‍ പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ ഫിനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍ അബ്‍ദുൾ ഖാദര്‍ എത്തുകയും ഇടപാട് നടത്തുകയുമായിരുന്നു.

24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകള്‍ മൂന്ന് മാസ കാലാവധിക്ക് പണയം വെച്ച് 1,71,000 രൂപയാണ് ഇയാള്‍ സ്ഥാപനത്തില്‍ നിന്ന് കൈക്കലാക്കിയത്. മൂന്ന് മാസം കഴിഞ്ഞിട്ടും പണയാഭരണം തിരിച്ചെടുക്കാന്‍ വരാത്തതിനെ തുടര്‍ന്ന് ചിത്തരഞ്ജന്‍ ഈ ആഭരണങ്ങള്‍ പരിശോധിക്കുകയും മുക്കുപണ്ടം ആണെന്ന് മനസിലാവുകയുമായിരുന്നു.

തുടര്‍ന്ന് ഫറോക്ക് പൊലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എസ് ഐ മിഥുന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അബ്‍ദുൾ ഖാദറിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

മറ്റൊരു സംഭവത്തിൽ പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ പണയ സ്ഥാപനത്തില്‍ മുക്കുപണ്ട ആഭരണങ്ങള്‍ പണയംവെച്ച്‌ ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി അൽത്താഫാണ് (29) ബംഗളൂരൂവിൽ പിടിയിലായത്. തട്ടിപ്പ് സംഘത്തിലുണ്ടായിരുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു, ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34), ഉടുമ്പന്നൂർ സ്വദേശി അർഷല്‍ ഇസ്മായില്‍ (32), കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജ് (42), വയനാട് മൂലംകാവ് സ്വദേശി രാഹുല്‍ എന്നിവരെ പാലാരിവട്ടം പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

ജൂണ്‍ 13 മുതല്‍ ജൂലൈ 27 വരെ കാലയളവിലാണ് സംഘം തട്ടിപ്പു നടത്തിയത്. വിഷ്ണു സ്ഥാപനത്തിലെത്തി രണ്ടു തവണയായി യഥാർഥ സ്വർണാഭരണം പണയംവെച്ചു ജീവനക്കാരെ വിശ്വാസത്തിലെടുത്തു. തുടർന്ന് കൂട്ടുപ്രതികളുമായി എത്തി പലതവണയായി ഹാള്‍ മാർക്ക് മുദ്രയുള്ള മുക്കുപണ്ടം പണയംവെച്ചു പണം കൈക്കലാക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: