തിരുവനന്തപുരം: കാലിത്തീറ്റ ഉൾപ്പെടെയുള്ള വിലക്കയറ്റം മൂലം ക്ഷീരകർഷകരുടെ ആവശ്യപ്രകാരം ലിറ്ററിന് ആറ് രൂപ വീതം പാൽ വില വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മിൽമ പരിഗണിക്കുന്നു. സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്നാണ് വിവരം. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമെടുക്കുക. വർദ്ധിച്ചുവരുന്ന ഉൽപാദനച്ചെലവുമായി പൊരുത്തപ്പെടുന്നതിന് ലിറ്ററിന് ഏകദേശം 6 എന്ന നിരക്കിൽ വില വർധനവ് വരുത്തിക്കൊണ്ട് ക്ഷീരകർഷകർ ഗണ്യമായ വർദ്ധനവ് വശ്യപ്പെട്ടിരുന്നു.
അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും കെ എസ് മണി പറഞ്ഞു. എന്നാൽ ഇക്കാര്യം സർക്കാരിനെ അറിയിക്കുകയും അഭിപ്രായം ചോദിക്കുകയും വേണം. നേരത്തെ നൽകിയ കത്തിന് വ്യക്തമായ മറുപടി സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ കൂടി ഭാഗമായാണ് മറുപടി വൈകിയത്. മൂന്ന് വർഷമായി വില കൂട്ടിയിട്ടില്ല. വില കൂട്ടാതെ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നും മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലും സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാനുള്ള നീക്കവുമായി മിൽമ മുന്നോട്ട് വന്നിരുന്നു. അതേസമയം കേരളത്തിന്റെ ക്ഷീരമേഖല നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കഷ്ടപ്പാടിന് അനുസരിച്ച് വരുമാനം ലഭിക്കാത്തതാണ് ക്ഷീര കർഷകർ നേരിടുന്ന പ്രതിസന്ധി. സാധാരണക്കാർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയവർ വരെ സ്വയം തൊഴിൽ എന്ന നിലയിൽ കണ്ടിരുന്ന പശുവളർത്തൽ ഇപ്പോൾ പ്രയാസമേറിയ ഒന്നാണെന്ന് കർഷകരും വ്യക്തമാക്കുന്നു.

