തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. സംഭവത്തിൽ കുട്ടികളുടെ പിതാവ് അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടികൾ പെയിന്റിൽ ചേർക്കുന്ന തിന്നർ കുടിച്ചെന്നായിരുന്നു അഫ്‌സൽ പൊലീസിന് നൽകിയ ആദ്യ മൊഴി. എന്നാൽ പിന്നീട് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അഫ്‌സൽ മൊഴി മാറ്റി പറയുന്നതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.
അവശനിലയിലായ കുട്ടികളെ പിതാവ് തന്നെയാണ് ആശുപത്രികളിലെത്തിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
അതേസമയം, കുട്ടികളുടെ ശരീരത്തിൽ തിന്നർ എത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ഇതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമായി വന്നിരിക്കുകയാണ്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു


