തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കിടത്തി ചികില്‍സ ഇപ്പോഴും തറയില്‍ തന്നെ. ചില വാര്‍ഡുകളില്‍ ഒരു കിടക്കയിലുള്ളത് രണ്ടിലധികം രോഗികള്‍. ഡ്രിപ് ട്യൂബ് പിടിച്ചുനില്‍ക്കേണ്ട ഗതികേടെന്ന് രോഗികള്‍ പറയുന്നു. ഗുരുതരമായ രോഗങ്ങളുമായി വരുന്ന നിരവധി ആളുകളാണ് ഇവിടെ ചികിത്സയിലുള്ളത്. എന്നാല്‍ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഇതുവരെ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. ഭൂരിഭാഗവും ഓക്‌സിജന്‍ സഹായമടക്കം വേണ്ട രോഗികളെയാണ് തറയില്‍ കിടത്തിയിരിക്കുന്നത്. ഒരു കിടക്കപോലും ഇല്ലാതെ തറയില്‍ കിടക്കേണ്ട സാഹചര്യത്തിലാണ് രോഗികളില്‍ പലരും. ഗുരുതര ആരോഗ്യവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്കിടയിലൂടെ പൂച്ചകള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ഥിതിയുമുണ്ടെന്നും രോഗികള്‍ പറയുന്നു. സിസ്റ്റം ശരിയാകുമെന്ന് പറഞ്ഞാണ് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അധികാരത്തിലേക്ക് എത്തുന്നത് എന്നാല്‍ തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇപ്പോള്‍ വലുതാണെന്ന് രോഗികള്‍ പറയുന്നു. രണ്ടാം മെഡിക്കല്‍ കോളജിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിലും രണ്ടാം മെഡിക്കല്‍ കോളജ് തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്ന് പ്രഖ്യാപനമുണ്ട്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെട്ടിടം പണി അടക്കം പൂര്‍ത്തിയായതുമാണ്.


