തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ എന്ന വാഴ്ത്തുപാട്ട് രചിച്ച പൂവത്തൂർ ചിത്രസേനനെ സർവീസിൽ നിന്ന് പുറത്താക്കി. ധനകാര്യവകുപ്പിലെ പ്രത്യേക മെസഞ്ചർ സ്ഥാനത്ത് നിന്നാണ് പുതിയ യുഡിഎഫ് സർക്കാർ ഇദ്ദേഹത്തെ നീക്കിയത്. ഓഫീസ് അറ്റൻഡറായി വിരമിച്ച ചിത്രസേനന് മുൻ എൽ.ഡി.എഫ് സർക്കാരായിരുന്നു താൽക്കാലിക നിയമനം നൽകിയിരുന്നത്. ഇടതുപക്ഷ സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുൻ നേതാവുകൂടിയാണ് ഇദ്ദേഹം
വിവാദ നിയമനവും വാഴ്ത്തുപാട്ടും
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നൂറോളം വനിതാ ജീവനക്കാർ ചേർന്ന് ചിത്രസേനൻ രചിച്ച ഗാനം ആലപിക്കുകയായിരുന്നു. പിണറായി വിജയനെ ‘ഫീനിക്സ് പക്ഷി’യായും ‘പടയുടെ നടുവിലെ പടനായകൻ’ ആയും വിശേഷിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ ഗാനം.
ഗാനാലാപനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായതിന് പിന്നാലെ ചിത്രസേനന്റെ നിയമനവും വിവാദത്തിലായി. പ്രത്യേക തസ്തികയിലേക്കായി ചിത്രസേനൻ അപേക്ഷ നൽകിയത് 2024 ഏപ്രിൽ 25-നായിരുന്നു. എന്നാൽ അപേക്ഷ സമർപ്പിക്കുന്നതിന് തലേദിവസം, അതായത് ഏപ്രിൽ 24-ന് തന്നെ ഇദ്ദേഹത്തെ സ്പെഷ്യൽ മെസഞ്ചറായി നിയമിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിരുന്നു. അപേക്ഷ നൽകും മുൻപേ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകിയ നടപടി അന്ന് വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ഭരണമാറ്റത്തിന് പിന്നാലെ, മുൻ സർക്കാരിന്റെ കാലത്തെ വിവാദ താൽക്കാലിക നിയമനങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ ഈ നടപടി


