തീവ്ര ഹിന്ദുത്വവാദിയായ വി ഡി സവർക്കർ ജയിലിൽ കഴിയുന്ന കാലത്ത് ബ്രിട്ടീഷ് സർക്കാരിന് അഞ്ചുതവണ മാപ്പപേക്ഷ നൽകിയെന്ന് ചെറുമകൻ സത്യകി സവർക്കർ കോടതിയിൽ. പശുവിനെ അദ്ദേഹം ദൈവമായി കണ്ടിരുന്നില്ലെന്നും ഉപകാരമുളള ഒരു മൃഗമായി മാത്രമാണ് കണ്ടതെന്നും സത്യകി പറഞ്ഞു. ലോക്സഭാ പ്രതിപക്ഷ നേതാവ്
രാഹുൽ ഗാന്ധിക്കെതിരെ നൽകിയ അപകീർത്തി കേസിൽ ക്രോസ് വിസ്താരത്തിനിടെയാണ് സത്യകി സവർക്കർ ഇക്കാര്യം പറഞ്ഞത്.
‘ആൻഡമാനിലെ സെല്ലുലാർ ജയിലിലായിരുന്നപ്പോൾ സവർക്കർ അഞ്ചുതവണ ദയാഹർജികൾ സമർപ്പിച്ചിരുന്നു എന്ന് സത്യമാണ്. സവർക്കർ മാത്രമല്ല നിരവധി രാഷ്ട്രീയ തടവുകാരും ബ്രിട്ടീഷ് സർക്കാരിന് സമാനമായ രീതിയിൽ അപേക്ഷകൾ അയച്ചിട്ടുണ്ട്. സവർക്കർ ദ്വിരാഷ്ട്ര ആശയം മുന്നോട്ടുവെച്ചതായി ചില ചരിത്രകാരന്മാർ ആരോപിക്കുന്നു. അത് ശരിയല്ല. ദ്വിരാഷ്ട്ര തർക്കത്തെക്കുറിച്ച് സവർക്കർ വസ്തുതാപരമായ അഭിപ്രായങ്ങളാണ് പറഞ്ഞത്. യഥാർത്ഥ ആശയം സർസയ്യിദ് അഹമ്മദ് ഖാൻ നിർദേശിച്ചതാണ്. പശുവിനെ ഒരിക്കലും അദ്ദേഹം ദൈവമായി പരാമർശിച്ചിട്ടില്ല. അത് ഉപയോഗപ്രദമായ ഒരു മൃഗമാണ് എന്നാണ് പറഞ്ഞത്’- സത്യകി സവർക്കർ പറഞ്ഞു.
രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റിനായി സവർക്കർ അപേക്ഷിച്ചത് സംബന്ധിച്ചും സത്യകി വിശദീകരണം നൽകി.
രണ്ടാംലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റിനായി സവർക്കർ അപ്പീൽ നൽകിയെന്നത് ശരിയല്ല. സവർക്കറുടെ യഥാർത്ഥ പങ്കിനെക്കുറിച്ച് മനസിലാക്കാതെയാണ് ഇത്തരം ആരോപണങ്ങൾ. അന്നത്തെ ഇന്ത്യൻ സൈന്യത്തിൽ ചേരുന്നതോടെ യുവാക്കൾക്ക് സൈനിക പരിശീലനം, തോക്കുൾപ്പെടെ ആയുധ പരിശീലനം, വിവിധ സ്ഥാനങ്ങൾ വഹിക്കുന്നതിലുള്ള പരിചയം എന്നിവ നൽകുകയായിരുന്നു ഉദ്ദേശം. പരിശീലനം ലഭിച്ച ഇന്ത്യൻ സൈനികരാണ് സ്വതന്ത്രലബ്‌ധിക്ക് ശേഷം പാകിസ്താൻ ഇന്ത്യയെ ആക്രമിച്ചപ്പോൾ രാജ്യത്തെ സംരക്ഷിച്ചത്. സവർക്കറുടെ ദീർഘദൃഷ്ടിയുടെ ഫലമാണത്’ സത്യകി സവർക്കർ പറഞ്ഞു.


