കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ. കൊട്ടാരക്കര താലൂക്ക് കൊട്ടാരക്കര വില്ലേജ് പടിഞ്ഞാറ്റിൻകര മുറിയിൽ മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരിയുടെ മകൻ ബിജു (48) ആണ് പിടിയിലായത്.
‘ബിജു കാടാംകുളം’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പൊതുപ്രവർത്തകരെ അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ പ്രസിദ്ധീകരിച്ച് പ്രചരിപ്പിച്ചെന്നാണ് പരാതി. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് എഴുകോൺ പൊലീസ് കേസെടുത്തത്.
കേസെടുത്തതറിഞ്ഞതോടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയ ബിജുവിനെ എഴുകോൺ എസ്.ഐ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു. വീട്ടിൽ മറ്റ് ഉപകരണങ്ങൾ ഉണ്ടോ എന്നറിയാൻ പൊലീസ് പരിശോധന തുടരുന്നു.


