തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ സംഘം പിടിയിൽ. പാറശ്ശാലയിൽ വീട്ടിൽ സൂക്ഷിച്ച അരി പിടികൂടി. ഭക്ഷ്യവകുപ്പിന്റെ കണ്ണുവെട്ടിച്ചാണ് റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ അരിയാണ് മറിച്ച് വിൽപ്പന നടത്തിയത്.
പാറശ്ശാല കാരാളിയിൽ നടത്തിയ റെയ്ഡിൽ 203 ചാക്കുകളിലായി വീട്ടിൽ അനധികൃതമായി സൂക്ഷിച്ച അരിയാണ് പിടികൂടിയത്. പാറശാല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് സംഘം പരിശോധനയ്ക്കെത്തിയത്.
തമിഴ്നാട് കളിയിക്കാവിള സ്വദേശി വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അരി പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട്ടിൽ ആളില്ലായിരുന്നു. റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് അരി ശേഖരിച്ച് കൂടുതൽ വിലയ്ക്ക് വിൽക്കുകയായിരുന്നു. സുരേഖ, സോടെക്സ് തുടങ്ങിയ ബ്രാൻഡുകളുടെ പേരിലാണ് വിൽപ്പന നടത്തിയത്. പിടികൂടിയ അരി സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി
സാധാരണ ഓണം തുടങ്ങിയ ആഘോഷ വേളകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന പരിശോധന നടത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഇതോടെ ഓണത്തിന് കേരളത്തിൽ വിൽപ്പന നടത്തിയത് ഇത്തരത്തിൽ പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കിയ അരിയാണെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്


