ആലപ്പുഴ : ജലോത്സവ സീസണിന് ആവേശഭരിതമായ തുടക്കം കുറിച്ച് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ അരോമ ബോട്ട് ക്ലബ്ബിൻ്റെ അരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി. വാശിയേറിയ മത്സരത്തിൽ ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
രഞ്ജിത്ത് സജീവൻ്റെ നേതൃത്വത്തിൽ മത്സരിച്ച അരോമ ചുണ്ടൻ മികച്ച പ്രകടനത്തോടെ ഫിനിഷിങ് പോയിൻ്റ് ആദ്യം മറികടന്ന് ജേതാക്കളായി. സാബു നാരായണൻ ആശാരിയുടെ മേൽനോട്ടത്തിൽ ഈ വർഷം നിർമിച്ച പുതിയ ചുണ്ടൻ വള്ളമാണ് അരോമ.
മൂന്നാം ട്രാക്കിലൂടെ മത്സരിച്ച നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും ഒന്നാം ട്രാക്കിലൂടെ എത്തിയ നടുവിലെ പറമ്പൻ മൂന്നാം സ്ഥാനവും നേടി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ കളക്ടർ ഷാജി നായർ പതാക ഉയർത്തിയതോടെയാണ് വള്ളംകളിക്ക് തുടക്കമായത്. തുടർന്ന് മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ റെജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
മൂന്ന് മണിയോടെ ആരംഭിച്ച മത്സരങ്ങൾ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സോടെയാണ് തുടങ്ങിയത്. തുടർന്ന് ചെറുവള്ളങ്ങളുടെ പ്രദർശന മത്സരങ്ങളും നടന്നു. ഇടവേളയ്ക്ക് ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലും പ്രധാന ഫൈനലും അരങ്ങേറി. ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനം നേടി.


